കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലെ ജയം ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകന് കീഴില്‍ സീസണിലെ ആദ്യ പ്രധാനപ്പെട്ട മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത എട്ട് ഗോളിന്‍റെ ജയമാണ് നേടിയത്. ഹാട്രിക്ക് അടിച്ച ക്വാമി പെപ്രയുടെയും നോഹ് സദോയിയുടെയും ഇരട്ടഗോള്‍ നേടിയ ഇഷാൻ പണ്ഡിതയുടെയും മികവിലായിരുന്നു മത്സരത്തില്‍ കൊമ്പന്മാര്‍ വമ്പൻ ജയം പിടിച്ചെടുത്തത്.
സൂപ്പര്‍ താരം അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. റിസര്‍വ് താരങ്ങളെയാണ് മുംബൈ മത്സരത്തില്‍ അണിനിരത്തിയത്. മുംബൈയുടെ റിസര്‍വ് ടീമിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
ഇത് വയനാടിനായി 💛
— Kerala Blasters FC (@KeralaBlasters) August 1, 2024
Let’s unite and heal together 🫂#KBFC #KeralaBlasters pic.twitter.com/Em8cPEYvpl
തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മുംബൈയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 32-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. സദോയിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ സ്കോറര്‍. 39-ാം മിനിറ്റില്‍ പെപ്രയിലൂടെയാണ് മഞ്ഞപ്പട ലീഡ് ഉയര്‍ത്തുന്നത്.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പെപ്ര വീണ്ടും മുംബൈയുടെ വല കുലുക്കി. ഇതോടെ, ഒന്നാം പകുതിയില്‍ 3-0 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിയവസാനിപ്പിച്ചത്.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടതും നോഹ് തന്‍റെ രണ്ടാം ഗോള്‍ നേടി. അധികം വൈകാതെ പെപ്ര മൂന്നാം ഗോള്‍ അടിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 64-ാം മിനിറ്റില്‍ പെപ്രയുടെ പകരക്കാരനായി ഇഷാൻ പണ്ഡിത കളത്തിലേക്കിറങ്ങി. 76-ാം മിനിറ്റിലാണ് നോഹ് ഹാട്രിക്ക് പൂര്‍ത്തിയാക്കുന്നത്. 86, 87 മിനിറ്റുകളില്‍ ഗോള്‍ നേടിയായിരുന്നു ഇഷാൻ പണ്ഡിത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കറുത്ത ബാഡ്‌ജ് അണിഞ്ഞുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ ഗോളുകള്‍ നേടിയ ശേഷം ഈ ബാഡ്‌ജുകള്‍ ഗാലറിയെ കാണിച്ചായിരുന്നു ടീമിന്‍റെ ആഘോഷം.
Also Read : ഏകദിനത്തിലേക്ക് കോലിയുടെയും രോഹിത്തിന്‍റെയും തിരിച്ചുവരവ്; കൊളംബോയില്‍ ലങ്കയെ നേരിടാൻ ഇന്ത്യ