ബാർബഡോസ്: ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍ തിരിച്ചെത്താന്‍ ഇനിയും വൈകും. ന്യൂജേഴ്‌സിയിൽ നിന്നുളള ചാർട്ടർ വിമാനം ബാർബഡോസിൽ എത്താൻ വൈകിയതിനാലാണ് ടീമിന്‍റെ മടക്കയാത്ര വൈകുന്നത്. ഞായറാഴ്‌ച നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യന്‍ ടീം ചുഴലിക്കാറ്റ് മൂലം ബാർബഡോസിയില്‍ തുടരാൻ നിർബന്ധിതരാവുകയായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് താരങ്ങൾ വ്യാഴാഴ്‌ച രാവിലെ തന്നെ ഡൽഹിയിൽ എത്തും.
ഇന്ത്യൻ കളിക്കാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക വിമാനം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 12:00 മണിക്ക് ബാർബഡോസിൽ ലാൻഡ് ചെയ്‌തതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
"ദൈവത്തിന് നന്ദി. ടീം ഇന്ത്യ ഇന്ന് വൈകുന്നേരം ബാർബഡോസിൽ നിന്ന് ഡൽഹിയിലേക്ക് പറക്കും. നാളെ വൈകുന്നേരം ഇന്ത്യയില്‍ എത്തും. ചുഴലിക്കാറ്റ് കാരണം അവർ മൂന്ന് ദിവസമായി അവിടെ കുടുങ്ങികിടക്കുകയാണ്. കളിക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കാനുളള എല്ലാ ക്രമീകരണങ്ങളും ബിസിസിഐ ചെയ്‌തിട്ടുണ്ട്" എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ബുധനാഴ്‌ച എക്‌സിൽ പോസ്റ്റ് ചെയ്‌തു.
എയർ ഇന്ത്യ ചാമ്പ്യൻസ് 24 വേൾഡ് കപ്പ്
എയർ ഇന്ത്യ സ്പെഷ്യല്‍ ചാര്‍ട്ടര്‍ വിമാനം, 'എയർ ഇന്ത്യ ചാമ്പ്യൻസ് 24 വേൾഡ് കപ്പ്' ആണ് ഇന്ത്യൻ ടീമിനെയും കുടുംബാംഗങ്ങളെയും മറ്റ് ബിസിസിഐ ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരിക. പുറപ്പെടുന്നതിന് കൂടുതൽ കാലതാമസമില്ലെങ്കിൽ ടീം വ്യാഴാഴ്‌ച ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്ക് ഡല്‍ഹിയില്‍ എത്തും. നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് ജൂലൈ 2 ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് ബുധനാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 7.45 ന് എത്തേണ്ടതായിരുന്നു.