ഹൈദരാബാദ് : 2024-ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ലോക റെക്കോര്‍ഡിലേക്ക് ഓടിക്കയറിയ ദീപ്‌തി ജീവൻജിക്ക് പറയാനുള്ളത് ദാരിദ്ര്യത്തെയും മുൻവിധികളെയും ബഹുദൂരം പിന്നിലാക്കി, ആഗ്രഹിച്ച നേട്ടം വെട്ടിപ്പിടിച്ചതിന്‍റെ കഥയാണ്. 2024-ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി-20 400 മീറ്ററില്‍ ഇന്ത്യക്ക് ചരിത്ര നേട്ടമാണ് ദീപ്‌തി ജീവന്‍ജി നേടിക്കൊടുത്തത്. 55.07 സെക്കൻഡ് എന്ന ലോക റെക്കോര്‍ഡോടെയായിരുന്നു ദീപ്‌തിയുെടെ ഫിനിഷിങ്. തന്‍റെ ലക്ഷ്യത്തെ തളര്‍ത്താനുള്ള പല പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് ദീപ്‌തി അത്‌ലറ്റിക്‌സിൽ ലോക ചാമ്പ്യനായത്.
വാറങ്കൽ ജില്ലയിലെ കല്ലേഡ ഗ്രാമത്തിലാണ് ദീപ്‌തിയുടെ ജനനം. സാമ്പത്തിക ഞെരുക്കം വല്ലാതെ പിടിമുറുക്കിയിരുന്ന ഒരു കുടുംബത്തിലേക്ക് ജനിച്ചുവീണ ദീപ്‌തിക്ക് ദാരിദ്ര്യത്തിന് പുറമേ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി എന്ന ടാഗ് ലൈനും ശക്തമായ വെല്ലുവിളിയാകുന്നു.
വാറങ്കലിൽ നടന്ന ഒരു സ്കൂൾ മീറ്റിനിടെ ദീപ്‌തി എന്ന പ്രതിഭ ഇന്ത്യൻ ജൂനിയർ ടീം ചീഫ് കോച്ചായ നാഗ്പുരി രമേശിന്‍റെ കണ്ണിലുടക്കുന്നു. ദീപ്‌തിക്ക് വേണ്ടി വിധി കരുതി വെച്ചതായിരുന്നു ആ കൂടിക്കാഴ്‌ച.
ദീപ്‌തി ജീവന്‍ജിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ രമേഷ്, ദീപ്‌തിയുടെ മാതാപിതാക്കളോട് അവളെ പരിശീലനത്തിന് ഹൈദരാബാദിലേക്ക് അയയ്ക്കാൻ പറയുന്നു. എന്നാല്‍ ദീപ്‌തിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് ഹൈദരാബാദിലെ പരിശീലനത്തിന് അയക്കുക എന്നത് ആലോചിക്കാന്‍ കൂടി കഴിയുന്ന ഒന്നായിരുന്നില്ല. നാഗ്‌പുരി രമേശിന്‍റെ സഹായവും ഈനാട് സിഎസ്ആർ പരിപാടിയായ ‘ലക്ഷ്യ’യുടെ ഗൈഡായ പുല്ലേല ഗോപിചന്ദിന്‍റെ ഇടപെടലുമാണ് ദീപ്‌തിക്ക് തന്‍റെ ജീവിത ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്.
കല്ലേഡ ഗ്രാമത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ദീപ്‌തി ജീവന്‍ജി എന്ന പ്രതിഭശാലിയിലേക്കുള്ള രൂപാന്തരം തികച്ചും വിസ്‌മയിപ്പിക്കുന്നതായിരുന്നു. സാമ്പത്തിക പിന്തുണയും മികച്ച പരിശീലനവും കൊണ്ട്, പാരാ അത്‌ലറ്റിക്‌സിന്‍റെ നെറുകയിലേക്ക് ദീപ്‌തി ഉയര്‍ന്നു. സ്വർണ്ണ മെഡലുകൾ നേടി ലോക റെക്കോർഡുകൾ ദീപ്‌തി തകർത്തു.
2022-ൽ മൊറോക്കോയിൽ നടന്ന വേൾഡ് പാരാ ഗ്രാൻഡ് പ്രിക്‌സിലും ദീപ്‌തി മിന്നും പ്രകടനങ്ങള്‍ കാഴ്‌ചവെച്ചിരുന്നു. ടി 20, 400 മീറ്റർ ഇനങ്ങളിൽ ദീപ്‌തി തന്‍റെ ആദ്യ അന്താരാഷ്‌ട്ര സ്വർണം നേടി, ടി 20 വിഭാഗത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു.
ബ്രിസ്ബേനിൽ നടന്ന വിർറ്റസ് ഏഷ്യൻ ഗെയിംസിലും ദീപ്‌തി താരമായി. 26.82 സെക്കൻഡിൽ 200 മീറ്റര്‍ ഫിനിഷ് ചെയ്‌തു. 57.58 സെക്കൻഡിൽ 400 മീറ്റർ കീഴടക്കിയും ദീപ്‌തി സ്വര്‍ണത്തിളക്കത്തോടെ ഇന്ത്യയുെടെ അഭിമാനമായി. തന്‍റെ വിജയത്തിന് വഴിതെളിച്ചു തന്ന, ഗുരുക്കൻമാരായ ഗോപിചന്ദിനെയും രമേശിനെയും 'ലക്ഷ്യ'യുടെ സ്വാധീനവും ദീപ്‌തി നന്ദിയോടെ സ്‌മരിക്കുന്നു.
പാരാലിമ്പിക്‌സിലേക്കിന്‍റെ ട്രാക്ക് സ്വപ്‌നം കാണുന്ന ദീപ്‌തിയുടെ യാത്ര ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല. ദീപ്‌തിയുടെ വിജയത്തില്‍ വാറങ്കലിലെ കുടുംബവും ഏറെ സന്തോഷത്തിലാണ്.
വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്ത് സ്വപ്നങ്ങളിലേക്കുള്ള പാത എത്ര ഭയാനകമെങ്കിലും, അവയെ പിന്തുടരാൻ ധൈര്യപ്പടുന്നവർക്ക് വിജയം കൈയെത്തും ദൂരത്താണെന്ന് ദീപ്‌തിയും ലോകത്തെ ഓർമ്മപ്പെടുത്തുകയാണ്. ദീപ്‌തിയുടെ യാത്ര നിലകൊള്ളുന്നു.