ന്യൂഡല്‍ഹി : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അക്കൗണ്ട് തുറന്നത്. ഇന്ന് വീണ്ടും അതേ ഡല്‍ഹിക്കെതിരെ കളിക്കാൻ ഇറങ്ങുമ്പോള്‍ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന മത്സരം.
വൈകുന്നേരം മൂന്നരയ്‌ക്ക് കളി തുടങ്ങും. കഴിഞ്ഞ കളിയിലെ തോല്‍വിയില്‍ നിന്നുള്ള മോചനമാണ് മുംബൈയുടെ ലക്ഷ്യം. മറുവശത്ത്, ജയം തുടരാൻ ഇറങ്ങുന്ന ഡല്‍ഹിയ്‌ക്ക് ഐപിഎല്‍ ആദ്യ പാദത്തില്‍ മുംബൈയോടേറ്റ തോല്‍വിയ്‌ക്ക് കണക്കും തീര്‍ക്കേണ്ടതുണ്ട്.
പോയിന്‍റ് പട്ടികയിലെ 6,9 സ്ഥാനങ്ങളില്‍ ഉള്ള ടീമുകളുടെ പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഒൻപത് കളിയില്‍ എട്ട് പോയിന്‍റുള്ള ഡല്‍ഹിയ്‌ക്കും എട്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുള്ള മുംബൈ ഇന്ത്യൻസിനും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാകൂ.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ നാല് റണ്‍സിന് തോല്‍പ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസം ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്. മുംബൈ ഇന്ത്യൻസിനെ ഇന്ന് നേരിടാൻ ഇറങ്ങുമ്പോഴും ജയം ആവര്‍ത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നായകൻ റിഷഭ് പന്തിന്‍റെ ഫോം ആണ് നിലവില്‍ ടീമിന്‍റെ കരുത്ത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഒരോ മത്സരത്തിലും മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്‌ചവയ്‌ക്കുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഡല്‍ഹിക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ബൗളിങ്ങില്‍ കുല്‍ദീപ് യാദവിന്‍റെ സ്‌പിൻ കരുത്തിലാകും ഡല്‍ഹി പ്രതീക്ഷയേറെ അര്‍പ്പിക്കുന്നത്.
രോഹിത് ശര്‍മ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ വമ്പൻ അടിക്കാര്‍ ഏറെയുണ്ടെങ്കിലും ഇവര്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ടീമിന് വേണ്ടി കാഴ്‌ചവയ്‌ക്കാൻ സാധിച്ചിട്ടില്ല. രോഹിത് ശര്‍മയും ഇഷാൻ കിഷനും ചേര്‍ന്ന് റണ്‍സൊഴുകുന്ന ഡല്‍ഹിയില്‍ മികച്ച തുടക്കം നല്‍കിയാല്‍ മുംബൈയ്‌ക്ക് വമ്പൻ സ്കോറിലേക്ക് കുതിക്കാം. ഇല്ലെങ്കില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ പ്രകടനങ്ങളായിരിക്കും ഏറെ നിര്‍ണായകമാവുക.
ബൗളിങ്ങില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് മുംബൈയുടെ വജ്രായുധം. കഴിഞ്ഞ കളി മാറ്റി നിര്‍ത്തിയാല്‍ സീസണില്‍ ഉടനീളം മികച്ച രീതിയില്‍ പന്തെറിയാൻ ബുംറയ്‌ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ബുംറയുടെ പ്രകടനം മുംബൈയ്‌ക്ക് നിര്‍ണായകമാണ്.
Also Read : ഈഡൻ ഗാര്‍ഡൻസിലെ 'റണ്‍ ഫെസ്റ്റ്' ; പഞ്ചാബ്-കൊല്‍ക്കത്ത മത്സരം തകര്‍ത്ത റെക്കോഡുകള്‍ - KKR Vs PBKS Records
ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യത ടീം : പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, ഷായ് ഹോപ്, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പേറെല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, റാസിഖ് സലാം.
മുംബൈ ഇന്ത്യൻസ് സാധ്യത ടീം : രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, നേഹല്‍ വധേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര.