ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) കുതിപ്പ് തുടരാൻ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ഇറങ്ങുന്നു. സീസണിലെ ആദ്യ ജയം തേടിയെത്തുന്ന ഗുജറാത്ത് ജയന്‍റ്‌സാണ് (Gujarat Giants) എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച് തകര്‍പ്പൻ ഫോമിലാണ് ഡല്‍ഹി കാപിറ്റല്‍സ്. തുടര്‍ച്ചയായ മൂന്നാം ജയമാണ് അവരുടെ ലക്ഷ്യം. ആദ്യ മത്സരം മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടുകൊണ്ടാണ് ഡല്‍ഹി തുടങ്ങിയത്.
രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ 9 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം നേടാൻ അവര്‍ക്കായി. കഴിഞ്ഞ കളിയില്‍ ആര്‍സിബിയെ 25 റണ്‍സിനാണ് അവര്‍ തകര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുള്ള ഡല്‍ഹി നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്.
ഇന്ന് ഗുജറാത്തിനെ തോല്‍പ്പിക്കാനായാല്‍ ലീഗ് ടേബിളില്‍ ഡല്‍ഹിയ്‌ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താം. നിലവില്‍ മുംബൈ ഇന്ത്യൻസാണ് ആറ് പോയിന്‍റുമായി ഒന്നാമത്. ഷഫാലി വര്‍മ, അലീസ് കാപ്‌സി, ജെസ് ജൊനാസൻ എന്നിവരുടെ ബാറ്റിങ് ഫോം ഡല്‍ഹിയ്‌ക്ക് കരുത്താണ്. ക്യാപ്‌റ്റൻ മെഗ് ലാനിങ്, ജെമീമ റോഡ്രിഗസ് എന്നിവരും മികവിലേക്ക് ഉയരേണ്ടതുണ്ട്.
മറുവശത്ത്, കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഗുജറാത്ത് ജയന്‍റ്‌സ്. മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്‌സ് ടീമുകളായിരുന്നു ഗുജറാത്തിനെ തോല്‍പ്പിച്ചത്. പ്രധാന താരങ്ങളുടെ സ്ഥിരതയില്ലായ്‌മയും മോശം ഫോമുമാണ് ഗുജറാത്തിന് പ്രധാന തലവേദന.
Also Read : പിന്നെയും തോറ്റ് ആര്‍സിബി, മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിന്‍റെ ജയം; പോയിന്‍റ് പട്ടികയിലും മുന്നേറ്റം
ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്: മെഗ് ലാനിങ് (ക്യാപ്‌റ്റൻ), ആലിസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, ലോറ ഹാരിസ്, മാരിസാൻ കാപ്പ്, മിന്നു മണി, പൂനം യാദവ്, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്‌തി, തനിയ ഭാട്ടിയ, ടിതാസ് സാധു, അനബെൽ സതർലാൻഡ്, അപർണ മൊണ്ടൽ, അശ്വനി കുമാരി.
ഗുജറാത്ത് ജയൻ്റ്സ് സ്ക്വാഡ്: ബെത്ത് മൂണി (ക്യാപ്‌റ്റൻ), ആഷ്ലി ഗാർഡ്‌നർ, ഹർലീൻ ഡിയോൾ, ദയാലൻ ഹേമലത, ലോറ വോൾവാർഡ്, സ്നേഹ റാണ, ഷബ്‌നം ഷക്കിൽ, ഫീബ് ലിച്ച്ഫീൽഡ്, മേഘ്ന സിങ്, തനുജ കൻവാർ, പ്രിയ മിശ്ര, ലോറൻ ചീറ്റിൽ, കാത്രിൻ ബ്രൈസ്, തൃഷ പൂജിത, കശ്വീ ഗൗതം, മന്നത് കശ്യപ്, വേദ കൃഷ്‌ണമൂര്‍ത്തി, തരണും പത്താൻ.