കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ (David Miller ) വിവാഹിതനായി. ദീർഘകാല സുഹൃത്തായ കാമില ഹാരിസിനെയാണ് (Camilla Harris) ഡേവിഡ് മില്ലര്‍ ജീവിത സഖിയായി കൂടെ കൂട്ടിയിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ യുവദമ്പതികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. കേപ്‌ടൗണില്‍ നടന്ന വിവാഹ ചടങ്ങില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സഹതാരങ്ങളായ ഐഡൻ മാർക്രം, ക്വിന്‍റൺ ഡി കോക്ക് തുടങ്ങിയവരും ഡേവിഡ് മില്ലര്‍ക്കും കാമിലയ്‌ക്കും ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. പ്രൊഫഷണൽ പോളോ താരമാണ് കാമില. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി (Gujarat Titans) കളിക്കുന്ന മില്ലറെ പ്രോത്‌സാഹിപ്പിക്കാന്‍ കഴിഞ്ഞ സീസണില്‍ കാമിലയുമെത്തിയിരുന്നു. പിന്നാലെ ഓഗസ്റ്റില്‍ കാമില തന്‍റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചുവെന്ന് 34-കാരനായ താരം ആരാധകരെ അറിയിക്കുകയും ചെയ്‌തു.
ഈ വർഷം ആദ്യം നടന്ന ദക്ഷിണാഫ്രിക്കാന്‍ ടി20 ലീഗായ എസ്‌എ20യില്‍ പേള്‍ റോയൽസിനെ നയിച്ചതിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മില്ലര്‍. ഇനി ഐപിഎല്‍ 2024-ലൂടെയാണ് (IPL 2024) 'കില്ലര്‍ മില്ലര്‍' കളിക്കളത്തിലേക്ക് മടങ്ങിയെത്തുക. 2010-ൽ ദക്ഷിണാഫ്രിക്കയ്‌ക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും ഡേവിഡ് മില്ലറുടെ വളര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് ഐപിഎല്ലാണ്.
2013-ലെ സീസണില്‍ മികവായിരുന്നു ഇതിന് അടിത്തറ പാകിയത്. പഞ്ചാബ് കിങ്‌സിനായി (അന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ) ഫിനിഷറുടെ റോളില്‍ കളിച്ച ഡേവിഡ് മില്ലര്‍ 418 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. സീസണില്‍ ടീമിന്‍റെ ടോപ് സ്‌കോററായ ഈ പ്രകടനത്തോടെ 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാനും മില്ലര്‍ക്ക് കഴിഞ്ഞു. ഇതിന് ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടിയേ വന്നിട്ടില്ല.
അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ ശുഭ്‌മാന്‍ ഗില്ലിന് കീഴിലാണ് ഗുജറാത്ത് ടൈറ്റന്‍സ് കളിക്കുന്നത്. നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ പുതിയ സീസണിന് മുന്നോടിയായി മുൈബ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണ് ഗുജറാത്ത് മാനേജ്‌മെന്‍റ് ഗില്ലിന് ചുമത നല്‍കിയത്. തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്ത് കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. വരും സീസണിലും തങ്ങളുടെ മികവ് ആവര്‍ത്തിക്കാനുറച്ചാവും ഗുജറാത്ത് ടൈറ്റന്‍സ് കളത്തിലെത്തുക.
ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്: ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, മാത്യു വെയ്‌ഡ്, അഭിനവ് സദരംഗനി, ബി സായ് സുദർശൻ, ദർശൻ നൽകണ്ടെ, ഡേവിഡ് മില്ലർ, ജയന്ത് യാദവ്, ജോഷ്വ ലിറ്റിൽ, മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ആർ സായി കിഷോർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, ഷാറൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, മാനവ് സുതാർ, സ്പെൻസർ ജോൺസൺ, റോബിൻ മിൻസ്