ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം; പ്രതീക്ഷ നിലനിര്‍ത്താൻ ചെന്നൈയും - CSK vs RR Match Preview - CSK VS RR MATCH PREVIEW
ഐപിഎല്ലില്‍ ഇന്നത്തെ ആദ്യത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാൻ റോയല്‍സിനെ നേരിടും.
Published : May 12, 2024, 12:28 PM IST
ചെന്നൈ: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി മാറാൻ രാജസ്ഥാൻ റോയല്‍സ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് ബെര്‍ത്തിനായി പോരടിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജുവിന്‍റെയും കൂട്ടരുടെയും എതിരാളി. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയല്‍സ്. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ റോയല്‍സ് ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുന്നത്. ഇന്ന് സൂപ്പര്‍ കിങ്‌സിനോടും തോറ്റാല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ടിനുള്ളില്‍ ഫിനിഷ് ചെയ്യുക എന്ന റോയല്‍സിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കേണ്ടിവരും.
മറുവശത്ത് അവസാന മത്സരത്തില്‍ ഗുജറാത്തിനോടേറ്റ തോല്‍വിയില്‍ നിന്നും കരകയറാനാണ് ചെന്നൈ ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരായ അവര്‍ക്ക് പ്ലേ ഓഫില്‍ ഇടം കണ്ടെത്തണമെങ്കില്‍ ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. സീസണില്‍ ചെന്നൈയുടെ അവസാന ഹോം മത്സരം കൂടിയാണ് ഇന്നത്തേത്.
ക്യാപ്‌റ്റൻമാരായ സഞ്ജു സാംസണിന്‍റെയും റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഫോമിലാണ് ഇരു ടീമിന്‍റെയും റണ്‍സ് പ്രതീക്ഷ. ചെന്നൈ നിരയില്‍ ഡാരില്‍ മിച്ചലും മൊയീൻ അലിയും റണ്‍സ് കണ്ടെത്തുന്നതും സിഎസ്‌കെയ്‌ക്ക് ആശ്വാസം. ശിവം ദുബെ നിറം മങ്ങിയത് നിലവില്‍ ചെന്നൈയ്‌ക്ക് തലവേദനയാണ്.
ധോണി റണ്‍സ് നേടുന്നുണ്ടെങ്കിലും ബാറ്റിങ്ങ് ഓര്‍ഡറിലെ പൊസിഷനാണ് ചോദ്യചിഹ്നമുയര്‍ത്തുന്നത്. ബൗളര്‍മാരുടെ പ്രകടനവും ചെന്നൈയ്‌ക്ക് നിര്‍ണായകമാകും. യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ സ്ഥിരതയില്ലായ്‌മ രാജസ്ഥാന് തിരിച്ചടിയാണ്. മധ്യനിരയില്‍ അവസാന മത്സരത്തില്‍ ശുഭം ദുബെ നടത്തിയ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ക്കൊപ്പം കേശവ് മഹാരാജിനും രാജസ്ഥാൻ ഇന്ന് അവസരം നല്‍കിയേക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ടീം: രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയീൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നെര്‍, ശര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, സിമ്രജീത് സിങ്.
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ശുഭം ദുബെ, ഡോണോവൻ ഫെറെയ്‌റ, റോവ്‌മാൻ പവല്‍/കേശവ് മഹാരാജ്, രവിചന്ദ്രൻ അശ്വിൻ, ആവേശ് ഖാൻ, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍.