നോര്‍ത്ത് കരോലിന (യുഎസ്എ) : കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കാനഡയെ വീഴ്‌ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് ഉറുഗ്വേ ജയം പിടിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2-ന് സമനില പാലിക്കുകയായിരുന്നു.
1-2ന് പിന്നില്‍ നില്‍ക്കെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി ലൂയിസ് സുവാരസ് രക്ഷകനായതോടെയാണ് ഉറുഗ്വേ മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. ഷൂട്ടൗട്ടില്‍ ഉറുഗ്വേയ്‌ക്കായി ഫെഡെറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്‍റാന്‍കര്‍, ജോര്‍ജിയന്‍ അരാസ്‌ക്കെറ്റ, ലൂയിസ് സുവാരസ് എന്നിവര്‍ വലകുലുക്കി.
കാനഡയുടെ ഇസ്‌മായില്‍ കോനെയുടെ ഷോട്ട് ഉറുഗ്വേ ഗോളി സെര്‍ജിയോ റോച്ചെറ്റ് തടുത്തിട്ടു. ടീമിനായി അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്‍റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയതോടെ ഒരു ഷോട്ട് ബാക്കി നില്‍ക്കെ തന്നെ ഉറുഗ്വേ വിജയം ഉറപ്പിച്ചു.
കാനഡയുടെ ജൊനാഥന്‍ ഡേവിഡ്, മോയ്‌സ് ബോംബിറ്റോ, മത്തിയു കോയിനിറെ എന്നിവര്‍ കിക്ക് വലയിലേക്ക് എത്തിച്ചു. നേരത്തേ മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ റോഡ്രിഗോ ബെന്‍റാന്‍കറിലൂടെ ഉറുഗ്വേയായിരുന്നു ആദ്യം ഗോളടിച്ചത്. എന്നാല്‍ കാനഡ ശക്തമായ തിരിച്ചുവരവ് നടത്തി. 22-ാം മിനിറ്റില്‍ കോനെ ടീമിന് സമനില നേടിക്കൊടുത്തു. 80-ാം മിനിറ്റില്‍ ജൊനാഥന്‍ ഡേവിഡും ലക്ഷ്യം കണ്ടതോടെ കാനഡ ഏറെക്കുറെ വിജയം ഉറപ്പിച്ചു. എന്നാല്‍ 92-ാം മിനിറ്റില്‍ സുവാരസ് ഉറുഗ്വേയുടെ രക്ഷകനായി.