പാരിസ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഡച്ച് താരത്തിനെതിരെ ഒളിമ്പിക്‌സ് വേദിയില്‍ പ്രതിഷേധം. ഡച്ച് ബീച്ച് വോളി താരം സ്റ്റീവൻ വാൻ ഡി വെൽഡെയ്‌ക്കാണ് കാണികളില്‍ നിന്നും പ്രതിഷേധം നേരിടേണ്ടി വന്നത്. പാരിസില്‍ ഒളിമ്പിക് അരങ്ങേറ്റം നടത്താനെത്തിയ 29-കാരനായ സ്റ്റീവൻ വാൻ ഡി വെൽഡെയും സഹതാരം മാത്യു ഇമ്മേഴ്‌സും ഇറ്റാലിയൻ ജോഡിയായ അലക്‌സ് രംഗിയേരി- അഡ്രിയാൻ കാരംബുല എന്നിവർക്കെതിരെയാണ് മത്സരിക്കാനിറങ്ങിയത്.
കളിക്കാരെ പരിചയപ്പെടുത്തുന്ന സമയത്ത് സ്റ്റീവൻ വാൻ ഡി വെൽഡെയുടെ പേരുപറഞ്ഞപ്പോള്‍ കാണികള്‍ കൂവിവിളിച്ചു. 2016ൽ 12 വയസുള്ള ബ്രിട്ടീഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കുറ്റത്തിന് നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് സ്റ്റീവൻ വാൻ ഡി വെൽഡെ. 2014-ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഇരയായ പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെടുന്നത്.
പിന്നീട് ആംസ്റ്റര്‍ഡാമില്‍ നിന്നും യുകെയിലേക്ക് എത്തിയ ഇയാള്‍ മിൽട്ടൺ കെയ്ൻസിൽവച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടും 12 മാസം മാത്രമാണ് ഡച്ച് താരം ജയിലില്‍ കഴിഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 2017-ൽ വാൻ ഡി വെൽഡെ വീണ്ടും കായിക രംഗത്തേക്ക് മടങ്ങിയെത്തി.
ശിക്ഷ അനുഭവിച്ചതിനാല്‍ സ്റ്റീവൻ വാൻ ഡി വെൽഡെയെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ഡച്ച് ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ചത്. ശിക്ഷിക്കപ്പെട്ടതിന് ശേഷം കായിക രംഗത്തേക്ക് തിരിച്ചെത്തുന്നതിനായുള്ള മാനദണ്ഡങ്ങള്‍ ഇയാള്‍ പാലിച്ചതായും ഡച്ച് ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചിരുന്നു.
ഗെയിംസിനുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് ഓരോ കമ്മിറ്റികളുടെ ഉത്തരവാദിത്തമാണെന്നാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) പ്രതികരണം. എന്നാല്‍ സ്റ്റീവൻ വാൻ ഡി വെൽഡെയെ ഒളിമ്പിക് ടീമില്‍ ഉള്‍പ്പെടുത്തിയ നടപടി ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് 'റെയ്‌പ് ക്രൈസിസ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ്' വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടില്‍ പീഡനക്കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
വാൻ ഡി വെൽഡെയെ ഒളിമ്പിക്‌സിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഒസിയ്‌ക്ക് ലഭിച്ച ഒരു ഓൺലൈൻ പെറ്റീഷനിൽ 90,000-ല്‍ ഏറെ പേര്‍ ഒപ്പു വച്ചിരുന്നു. ഡച്ച് താരം ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പായിരുന്നു പ്രസ്‌തുത പെറ്റീഷന്‍ ഐഒസിയ്‌ക്ക് ലഭിച്ചത്. അതേസമയം മത്സരത്തില്‍ ഇറ്റാലിയൻ താരങ്ങളോട് ഡച്ച് ടീം തോല്‍വി വഴങ്ങിയിരുന്നു.