വലൻസിയ : സ്‌പാനിഷ് ലാ ലിഗയില്‍ (La Liga) റയല്‍ മാഡ്രിഡ് വലൻസിയ (Valencia vs Real Madrid) മത്സരം നിയന്ത്രിച്ച റഫറിയ്‌ക്കെതിരെ റയല്‍ പരിശീലകൻ കാര്‍ലോ ആൻസലോട്ടി (Carlo Ancelotti). വലിയ പിഴവാണ് റഫറിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് മത്സരശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. വലൻസിയ റയല്‍ മത്സരത്തിലെ അവസാന സമയത്തെ നാടകീയ സംഭവങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സീസണിലെ 27-ാം മത്സരത്തിനായാണ് റയല്‍ മാഡ്രിഡ് വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തിലേക്ക് എത്തിയത്. അവിടെ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ആതിഥേയര്‍ക്കൊപ്പമെത്താൻ റയലിന് സാധിച്ചു. വിനീഷ്യസ് ജൂനിയറായിരുന്നു റയലിനായി രണ്ട് ഗോളും വലൻസിയ വലയില്‍ എത്തിച്ചത്.
നിശ്ചിത സമയം അവസാനിക്കുമ്പോള്‍ 2-2 എന്ന നിലയിലായിരുന്നു ഇരു ടീമും. പിന്നാലെ, ഏഴ് മിനിറ്റ് അധികസമയം അനുവദിച്ചു. ഈ സമയം പിന്നിട്ടും കളി നീണ്ടുപോയിരുന്നു.
99-ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങള്‍ മൈതാനത്ത് അരങ്ങേറിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡിന് അനുകൂലമായി ഒരു കോര്‍ണര്‍ ലഭിച്ചു. ലൂക്കാ മോഡ്രിച്ചാണ് കിക്ക് എടുത്തത്. മോഡ്രിച്ചിന്‍റെ കിക്ക് ബോക്‌സിനുള്ളില്‍ നിന്നും ക്ലിയര്‍ ചെയ്യപ്പെട്ടു.
ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് ബോക്‌സിന് റയല്‍ താരം ബ്രാഹിം ഡിയസിലേക്കായിരുന്നു എത്തിയത്. പന്ത് കൈവശം വച്ച് ഗ്രൗണ്ടിന്‍റെ വലതുഭാഗത്തേക്ക് നീങ്ങിയ താരം അവിടെ നിന്നും ബോക്‌സിലേക്ക് ക്രോസ് നല്‍കി. ഡിയസിന്‍റെ ക്രോസ് തലകൊണ്ട് മറിച്ച് ബെല്ലിങ്‌ഹാം ഗോളാക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, ഡിയസ് പന്ത് ക്രോസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ റയലിന് ഗോള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഗോളിനായി റയല്‍ താരങ്ങള്‍ വാദിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും പിന്മാറാൻ റഫറി തയ്യാറായിരുന്നില്ല. ഇതിനിടെ ജൂഡ് ബെല്ലിങ്‌ഹാമിന് റഫറി റെഡ് കാര്‍ഡ് നല്‍കുകയും ചെയ്‌തിരുന്നു.
'കൂടുതല്‍ ഒന്നും ഇതേകുറിച്ച് പറയാനില്ല. കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമാണ് ഇവിടെ സംഭവിച്ചത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. റീബൗണ്ടിന് ശേഷം പന്തില്‍ പൊസഷെൻ ഞങ്ങള്‍ക്കായിരുന്നു.
പന്ത് ക്ലിയര്‍ ചെയ്‌ത സമയത്താണ് റഫറി വിസില്‍ മുഴക്കിയിരുന്നെങ്കില്‍ അത് ശരിയാകുമായിരുന്നു. പക്ഷെ കളി തുടരാൻ അവിടെ താരങ്ങളെ അനുവദിക്കുകയാണ് അദ്ദേഹം ചെയ്‌തത്. ഞങ്ങള്‍ക്കായിരുന്നു പൊസഷൻ, ഈ തീരുമാനത്തില്‍ റഫറിയ്‌ക്ക് വലിയ പിഴവാണ് സംഭവിച്ചത്' റയല്‍ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു.
Read More : വിനീഷ്യസിന് 'ഡബിള്‍', ബെല്ലിങ്‌ഹാമിന് 'റെഡ് കാര്‍ഡ്'; വലൻസിയ-റയല്‍മാഡ്രിഡ് മത്സരം സമനിലയില്‍