ന്യൂഡൽഹി: 2024 പാരീസ് ഒളിമ്പിക്‌സില്‍ മൂന്നാം മെഡല്‍ നേടി ചരിത്രത്തില്‍ ഇടം പിടിക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു. ഒളിമ്പിക്‌സിന് വേണ്ടി തന്നെ 200 ശതമാനം അര്‍പ്പിച്ചിരിക്കുകയാണെന്നും പിവി സിന്ധു പറഞ്ഞു. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു, 2016 റിയോയിൽ വെള്ളിയും 2020 ടോക്കിയോയിൽ വെങ്കലവും നേടിയിട്ടുണ്ട്.
മൂന്നാം വട്ടവും മെഡല്‍ നേടാനായാല്‍ മൂന്ന് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റാകും സിന്ധു. 2024 പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രം സൃഷ്‌ടിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ് സിന്ധു.
'പാരീസിലെ ആ മൂന്നാം മെഡൽ തീർച്ചയായും എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ആ സ്വർണ്ണ മെഡൽ നേടാൻ ഞാൻ കഠിനമായി പരിശ്രമിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സിലാണ് എന്‍റെ 200 ശതമാനവും ഞാൻ നൽകുന്നത്. 2016ലെയും 2020ലെയും യാത്രകൾ അതിശയകരമായിരുന്നു.
അത്യധികം പരിശ്രമം നിറഞ്ഞതായിരുന്നു. അവിസ്‌മരണീയമായ നിമിഷങ്ങൾ. പാരീസ് 2024 ഒരു പുതിയ തുടക്കമാണ്. എന്തായാലും എനിക്ക് എന്‍റെ 100 ശതമാനം നൽകണം'- ജിയോ സിനിമയുടെ 'ദി ഡ്രീമേഴ്‌സ്' ഷോയിൽ പിവി സിന്ധു പറഞ്ഞു
മെഡലുകളെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സിന്ധു, രാജ്യത്തിന്‍റെ പ്രതീക്ഷ നിറവേറ്റാനും മൂന്നാമത്തെ മെഡല്‍ നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. 'ഒളിമ്പിക്‌സ് അങ്ങേയറ്റം മത്സരാധിഷ്‌ഠിതമാണ്.
മുഴുവന്‍ അത്‌ലറ്റുകളും അതിനുള്ള പരിശ്രമത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച 10,15 കളിക്കാർ ഒരേ നിലവാരത്തില്‍ കളിക്കുന്നവരാണ്. AN Se Young, Akane Yamaguchi, Carolina Marin, Tai Tzu Ying എന്നിവരെല്ലാം മികച്ച കളിക്കാരാണ്. എതിരാളിക്കെതിരെ സ്‌കോർ ചെയ്യുന്ന ഓരോ പോയിന്‍റിനും വേണ്ടി കഠിനമായി കളിക്കേണ്ടതുണ്ട്. ചെറിയ പിഴവുകള്‍ക്ക് പോലും എല്ലാം മാറ്റിമറിക്കാന്‍ കഴിയുംമെന്നും' പിവി സിന്ധു പറഞ്ഞു.
നിലവിൽ ലോക റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുള്ള സിന്ധുവിന്‍റെ കരിയറില്‍ നിരവധി അംഗീകാരങ്ങൾ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. BWF ലോക ചാമ്പ്യൻഷിപ്പില്‍ സ്വർണം അടക്കുമുള്ള മെഡലുകളും ഒളിമ്പിക് വെള്ളിയും വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകള്‍ പിവി സിന്ധു നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരിയും പിവി സിന്ധുവാണ്.
2022ലെ കോമൺവെൽത്ത് ഗെയിംസില്‍ സ്വർണവും 2018ൽ വെള്ളിയും 2014ല്‍ വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. 2018 ഏഷ്യൻ ഗെയിംസിൽ വനിത സിംഗിൾസിൽ വെള്ളിയും 2014 ഏഷ്യൻ ഗെയിംസിൽ വനിത ടീമിൽ വെങ്കലവും പിവി സിന്ധു നേടി.