റോം : യുവേഫ യൂറോപ്പ ലീഗ് ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ബയേര്‍ ലെവര്‍കൂസന് ജയം. ഇറ്റാലിയൻ ക്ലബ് എഎസ് റോമയെ ആണ് ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ലെവര്‍കൂസൻ തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അവരുടെ ജയം.
ഫ്ലോറിയൻ വിർട്‌സും റോബർട്ട് ആൻഡ്രിച്ചുമാണ് മത്സരത്തില്‍ ബയേര്‍ ലെവര്‍കൂസനായി ഗോളുകള്‍ നേടിയത്. ആതിഥേയരായ എഎസ് റോമയ്‌ക്കെതിരെ മിന്നും പ്രകടനമായിരുന്നു ലെവര്‍കൂസൻ കാഴ്‌ചവച്ചത്. മത്സരത്തിന്‍റെ 28-ാം മിനിറ്റിലായിരുന്നു സന്ദര്‍ശകര്‍ ആദ്യ ഗോള്‍ നേടിയത്.
അലെക്‌സ് ഗ്രിമാള്‍ഡോയുടെ അസിസ്റ്റ് സ്വീകരിച്ചായിരുന്നു സ്ട്രൈക്കര്‍ ഫ്ലോറിയൻ വിർട്‌സ് റോമയുടെ വലയില്‍ പന്ത് എത്തിച്ചത്. തുടര്‍ന്ന്, ആദ്യ പകുതിയില്‍ തിരിച്ചടിക്കാൻ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാൻ ആതിഥേയര്‍ക്കായിരുന്നില്ല. ഇതോടെ, മത്സരത്തിന്‍റെ ഒന്നാം പകുതി തന്നെ ഒരു ഗോള്‍ ലീഡുമായി അവസാനിപ്പിക്കാൻ ബയേര്‍ ലെവര്‍കൂസന് സാധിച്ചു.
രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു മധ്യനിരതാരം റോബർട്ട് ആൻഡ്രിച്ച് സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തിയത്. സ്റ്റാനിസിച്ചിന്‍റെ പാസില്‍ നിന്നും തകര്‍പ്പൻ ലോങ് റേഞ്ചറിലൂടെ താരം പന്ത് റോമയുടെ വലയില്‍ അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ സാബി അലോൻസോയും സംഘവും തോല്‍വി അറിയാതെയുള്ള തങ്ങളുടെ 47-ാം മത്സരമാണ് പൂര്‍ത്തിയാക്കിയത്.
അതേസമയം, ഒളിമ്പിക് ഡി മാര്‍സിലെ അറ്റ്ലാന്‍റ ടീമുകള്‍ ഏറ്റുമുട്ടിയ മറ്റൊരു സെമി ഫൈനല്‍ സമനിലയിലാണ് കലാശിച്ചത്. മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളുകള്‍ നേടി.