തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക്. മാഡ്രിഡിൽ എത്തുന്ന മന്ത്രി അര്‍ജന്‍റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥും ഉണ്ടാകും. മൂന്ന് ദിവസം സംഘം സ്പെയിനിലുണ്ടാകും. ടീം കേരളത്തിലേക്ക് എന്ന് വരുമെന്ന കാര്യത്തിൽ ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ ലോകോത്തര ഫുട്ബോള്‍ വളര്‍ത്തുന്നതിന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള സഹകരമാണ് ലക്ഷ്യം. അർജന്‍റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ടീമുമായി ചര്‍ച്ച നടത്തിയതിന്‍റെ തുടര്‍ച്ചയായാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ മന്ത്രിയെ ക്ഷണിച്ചത്.
നേരത്തെ സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്‍റീന ടീമിന്‍റെ ക്ഷണം ഉയര്‍ന്ന ചെലവ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്നത്. 2022ലെ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിലെ അര്‍ജന്‍റീന പ്രേമികളുടെ ആവേശത്തിന് നന്ദി അറിയിച്ചിരുന്നു.