എറണാകുളം: പാരിസ് ഒളിമ്പിക്‌സിൽ ആർച്ചറി മത്സരങ്ങളിൽ ഇത്തവണ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പെന്ന് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ട്രഷററും പരിശീലകനുമായ ഡോ ജോറിസ്. അമ്പെയ്ത്ത് മത്സരങ്ങളിൽ ചുരുങ്ങിയത് മൂന്ന് മെഡലെങ്കിലും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദേഹം.
തൊണ്ണൂറ്റി രണ്ടിലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നിർഭാഗ്യം കൊണ്ടാണ് മെഡൽ ലഭിക്കാതെ പോയത്. എന്നാൽ, ഇത്തവണ ചരിത്രം തിരിത്തുമെന്ന് ഡോ ജോറിസ് ഉറപ്പിച്ചു പറയുന്നു.
ഇതിന് മുമ്പ് തൊണ്ണൂറ്റി രണ്ടിലെ ഒളിമ്പിക്‌സിലാണ് അമ്പയ്ത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. അന്ന് നിർഭാഗ്യം കൊണ്ടാണ് മെഡൽ നഷ്‌ടമായത്. എന്നാൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും നല്ല മുന്നൊരുക്കവുമായാണ് ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യ മത്സരിക്കുന്നത്.
ഇത്തവണ ഏറ്റവും നന്നായി തയ്യാറെടുത്താണ് അമ്പെയ്ത്ത് താരങ്ങൾ പാരിസ് ഒളിമ്പിക്‌സിനായി എത്തിയത്. യോഗ്യത മത്സരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. പുരുഷ വിഭാഗം മുന്നാമതായും, വനിതാ വിഭാഗം നാലാമാതായും റാങ്കിങ് നേടിയാണ് യോഗ്യത ഉറപ്പാക്കിയത്.
ഇതോടെ ടീമിനങ്ങളിൽ ഇന്ത്യയ്ക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ഡോ ജോറിസ് വിശദീകരിച്ചു. ഇനി ഒരു മത്സരം ജയിച്ചാൽ പോലും ഇന്ത്യയ്ക്ക് പാരിസ് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പാണ്.
പുരുഷ, വനിതാ ടീമിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും, മിക്‌സഡ് വിഭാഗത്തിലും മെഡൽ പ്രതീക്ഷയുണ്ട്. വ്യക്തിഗത ഇനങ്ങളിൽ ധീരജ് ബൊമ്മര റിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് (28-07-2024) നടക്കുന്ന വനിത വിഭാഗം അമ്പെയ്ത്ത് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇനി എതിരാളികൾ ആരാണെന്നാണ് അറിയേണ്ടത്.
നെതർലാൻഡ്‌സ്, ഫ്രാൻസ് മത്സരങ്ങളിലെ വിജയികളെയാണ് ഇന്ത്യയക്ക് നേരിടേണ്ടി വരിക. ഈ രണ്ട് ടീമുകളും റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് താഴെയാണ്. ഈ ടീമുകളെ ഇന്ത്യൻ ടീമിന് എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയും. എന്നാൽ ഫ്രാൻസ് വന്നാൽ അവർക്ക് അവരുടെ നാടെന്ന ചെറിയൊരു മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ ടീമിന് തന്നെയാണ് വിജയ പ്രതീക്ഷയെന്നും ഡോ ജോറിസ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ ടീം പതിനഞ്ച് ദിവസം മുമ്പ് തന്നെ പാരിസിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ധീരജ്, ദീപിക കുമാരി എന്നിവരെ കൊറിയയിൽ അയച്ചും പരിശീലനം നൽകിയിരുന്നു. അമേരിക്കകാരനായ ലാറി ബെയ്‌സ് ആണ് ഇത്തവണ മെൻ്റൽ ട്രൈനറായി ഉള്ളത്. എല്ലാം കൊണ്ടും ഇത്തവണ മെഡൽ നേടാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. യോഗ്യത റൗണ്ടിലെ മത്സരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഡോ ജോറിസ് പറഞ്ഞു.
Also Read : 'മനു ഭാക്കര്‍ സമ്മര്‍ദത്തെ മറികടന്നു കഴിഞ്ഞു'; താരത്തിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി സണ്ണി തോമസ്