മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും (Ben Stokes) പരിശീലകന്‍ ബ്രണ്ടൻ മക്കല്ലത്തിനും (Brendon McCullum ) കീഴില്‍ ഇംഗ്ലണ്ട് അവലംബിച്ച ആക്രമണോത്സുക സമീപനമാണ് ബാസ്ബോള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. ബാസ്‌ബോള്‍ (Bazball) യുഗത്തില്‍ ഒരൊറ്റ പരമ്പര പോലും നഷ്‌ടപ്പെട്ടിട്ടില്ലെന്ന വമ്പന്‍ റെക്കോഡുമായി ആയിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്‌ക്ക് എത്തിയത്.
എന്നാല്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ളീഷ് ടീം പരമ്പര കൈവിട്ടു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് വിജയിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് കളിച്ച മൂന്ന് ടെസ്റ്റുകളും പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമായിരുന്നു ആതിഥേയര്‍ കളി പിടിച്ചത്. പരമ്പരയില്‍ ബാക്കിയുള്ള ഒരു മത്സരം മാര്‍ച്ച് ഏഴിനാണ് ആരംഭിക്കുക.
ഇപ്പോളിതാ ഇന്ത്യയിൽ ബാസ്‌ബോള്‍ കളിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ (Anil Kumble). സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
"ഇംഗ്ലണ്ട് ഇവിടെ എത്തിയപ്പോഴുള്ള വെല്ലുവിളികള്‍ വ്യക്തമാണ്. ബാസ്‌ബോളോ അല്ലെങ്കില്‍ എന്തു ബോളോ ആയിക്കോട്ടെ, ഇന്ത്യയിൽ കളിക്കുന്നതും ഇവിടെ ഇന്ത്യയെ തോൽപ്പിക്കുന്നതും ഒരിക്കലും എളുപ്പമായിരിക്കില്ല. അടുത്ത കാലത്തൊന്നും തന്നെ സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു പരമ്പര തോറ്റിട്ടില്ല.
റാഞ്ചി ടെസ്റ്റ് ഒഴികെയുള്ളവയില്‍ ഇംഗ്ലണ്ടിന്‍റെ സീനിയര്‍ ബാറ്റര്‍മാരായ ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് എന്നിവരുൾപ്പെടെയുള്ളവര്‍ കാര്യമായ സംഭാവന നല്‍കിയിട്ടില്ല. വളരെ കുറച്ച് അവസരങ്ങളില്‍ അവര്‍ നന്നായി കളിച്ചു.
എന്നാല്‍ ഏറിയ അവസരങ്ങളിലും തങ്ങളുടെ മികവ് പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 'ഇതാണ് ഞാൻ ബാറ്റ് ചെയ്യുന്ന രീതി' എന്ന് പറയുന്നത് രസമാണ്. എന്നാല്‍ എല്ലായെപ്പോഴും ഇതേ രീതിയില്‍ നിങ്ങള്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് സത്യം. ചില അവസരങ്ങളില്‍ പിടിച്ച് നില്‍ക്കേണ്ടതായി വരും. ടെസ്റ്റ് ക്രിക്കറ്റ് അത്തരത്തില്‍ ഒന്നാണ്.
ടെസ്റ്റില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. റാഞ്ചിയില്‍ റൂട്ട് ചെയ്‌തതും അതാണ്. അതിനാല്‍ തന്നെ റൂട്ട് സെഞ്ചുറി നേടിയതിലും അതിശയിക്കാനില്ല. ഇക്കാര്യത്തെക്കുറിച്ച് ഇംഗ്ലണ്ട് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്"- അനില്‍ കുംബ്ലെ പറഞ്ഞു.
ഇന്ത്യയിലേക്ക് എത്തും മുമ്പ് ഏഴ് പരമ്പരകളിലായിരുന്നു ഇംഗ്ലീഷ് ടീം ബാസ്‌ബോള്‍ കളിച്ചത്. ഇതില്‍ നാലിലും വിജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ഏഴില്‍ അഞ്ച് പരമ്പരകളും സ്വന്തം മണ്ണില്‍ തന്നെയായിരുന്നു ഇംഗ്ലണ്ട് കളിച്ചത്.