ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓരോതവണ കളത്തിലേക്ക് എത്തുമ്പോഴും ധോണിയുടെ ബാറ്റിങ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരത്തില്‍ ചെന്നൈ തോറ്റാലും വിജയിച്ചാലും ധോണിയുടെ ബാറ്റിങ് വിരുന്നിനോളം ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമില്ല. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ തോറ്റെങ്കിലും ധോണിയുടെ ബാറ്റിങ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇന്നലെ കൊല്‍ക്കത്തയ്‌ക്ക് എതിരെ ധോണി ക്രീസിലേക്ക് എത്തിയപ്പോഴും ചെപ്പോക്ക് പൊട്ടിത്തെറിച്ചു. 17-ാം ഓവറിൽ ശിവം ദുബെ പുറത്തായതിന് പിന്നാലെയാണ് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നേടി ധോണി ക്രീസിലേക്ക് എത്തുന്നത്. താരം ക്രീസിലേക്ക് നടക്കുമ്പോള്‍ ഉയര്‍ന്ന ആരവത്തിനൊപ്പം ഡിജെ മ്യൂസിക്കും ചേര്‍ന്നതോടെ ചെപ്പോക്ക് ആകെ ശബ്‌ദമുഖരിതമായി.
ഇതോടെ ബൗണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്നു കൊല്‍ക്കത്ത താരം ആന്ദ്രെ റസല്‍ അസ്വസ്ഥതയോടെ ചെവി പൊത്തുന്ന ദൃശ്യങ്ങള്‍ വൈറലാണ്. അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒമ്പത് വിക്കറ്റിന് 137 റണ്‍സായിരുന്നു നേടിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടോപ് സ്‌കോററായി. 32 പന്തില്‍ 34 റണ്‍സായിരുന്നു ശ്രേയസ് നേടിയത്. സുനില്‍ നരെയ്‌ന്‍ (20 പന്തില്‍ 27), അംഗൃഷ് രഘുവംശിയും (18 പന്തില്‍ 24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിക്കൊണ്ട് രവീന്ദ്ര ജഡേജയും തുഷാര്‍ ദേശ്‌പാണ്ഡെയും ചേര്‍ന്നാണ് കൊല്‍ക്കത്തെയെ വരിഞ്ഞ് മുറുക്കിയത്.
നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. മുസ്‌തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുകളും നേടി. മറുപടിക്ക് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 141 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ആതിഥേയരെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.
58 പന്തില്‍ പുറത്താവാതെ 67 റണ്‍സായിരുന്നു താരം നേടിയത്. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്‌ക്‌വാദും 27 റണ്‍സ് കണ്ടെത്തി ചെന്നൈക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രചിന്‍ രവീന്ദ്രയെ (8 പന്തില്‍ 15) വൈഭവ് അറോറ മടക്കിയതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചല്‍ റുതുരാജിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ALSO READ: 'ആരാധകര്‍ കാത്തിരുന്ന വിജയം, ചില്ലിട്ടുവെയ്‌ക്കാന്‍ കൂടെ ഈ നിമിഷവും' - Rohit Hardik Celebration
മിച്ചലിനെ (19 പന്തില്‍ 25) സുനില്‍ നരെയ്‌ന്‍ ബൗള്‍ഡാക്കുകയായിരുന്നു. ലക്ഷ്യത്തിന് അരികെ വച്ച് ശിവം ദുബെ (18 പന്തില്‍ 28) കൊല്‍ക്കത്ത മടക്കി. പിന്നീടെത്തിയ ധോണിയും (3 പന്തില്‍ 1*) റുതുരാജും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.