തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ പ്രഥമ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് 5 വിക്കറ്റിന്‍റെ മിന്നും ജയം. തൃശ്ശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തില്‍ റിപ്പിള്‍സ് നായകന്‍ മുഹമ്മദ് അസറുദ്ദീന്‍റെ അത്യുഗ്രൻ ബാറ്റിങ് വെടിക്കെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ 47 പന്തുകളില്‍ 92 റണ്‍സാണ് നായകന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത് ടൈറ്റൻസ് ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി ആലപ്പി മറികടക്കുകയായിരുന്നു.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ തൃശൂരിന്‍റെ നായകന്‍ വരുണ്‍ നായനാര്‍ ഒരു റണ്ണോടെ പുറത്തായത് ടീമിന് മോശം തുടക്കമായിരുന്നു നല്‍കിയത്. അഭിഷേക് പ്രതാപും പുറത്തായതോടെ ടീമിനെ കുറച്ച് പ്രതീക്ഷ നല്‍കിയത് വിഷ്‌ണു വിനോദായിരുന്നു (22). പിന്നീട് 44 പന്തുകളില്‍ 57 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് തൃശൂരിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മുഹമ്മദ് അസറുദ്ദീനും വിനൂപ് മനോഹരനുമാണ് ആലപ്പിക്കായി മികച്ചത് നിന്നത്. കൃഷ്‌ണ പ്രസാദ് (1), അക്ഷയ് ശിവ (3), അക്ഷയ് ടികെ (18), ആല്‍ഫി ഫ്രാന്‍സിസ് (12), നീല്‍ സണ്ണി (1) തുടങ്ങിയവര്‍ ആലപ്പിക്കായി റണ്‍സ് നേടി. ആനന്ദ് ജോസഫ് മൂന്നും ഫാസില്‍ ഫാനൂസ് രണ്ടും വിക്കറ്റുകളും ആലപ്പി റിപ്പിള്‍സിനായി വീഴ്ത്തി.