മുംബൈ: വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു. മുംബൈ വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയില്‍ എത്തിയ 80കാരനായ യാത്രികനാണ് മരിച്ചത്.
വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ കൗണ്ടറിലേക്ക് പോകാന്‍ ഇദ്ദേഹം എയര്‍ലൈന്‍ കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീല്‍ ചെയര്‍ ലഭിക്കാതെ വന്നതോടെ ഭാര്യയോടൊപ്പം എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്ന് പോകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ക്കിടെ 80കാരന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
വീല്‍ ചെയര്‍ ആവശ്യത്തിന് ഇല്ലായിരുന്നെന്നും ഈ സാഹചര്യത്തില്‍ വൃദ്ധ ദമ്പതികളോട് കാത്തിരിക്കാൻ തങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തില്‍ എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. എന്നാല്‍, തങ്ങളുടെ ആവശ്യം നിരസിച്ചാണ് അദ്ദേഹം ഭാര്യയോടൊപ്പം കൗണ്ടറിലേക്ക് നടന്ന് പോകാൻ തീരുമാനിച്ചത്. തുടര്‍ന്ന്, ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വയോധികന് വേണ്ട വൈദ്യസഹായം ഉറപ്പുവരുത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
മരണപ്പെട്ട വയോധികന്‍റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ടെര്‍മിനലുകളില്‍ വീല്‍ ചെയറുകള്‍ കൈകാര്യം ചെയ്യുന്നത് അതാത് എയര്‍ലൈനുകളാണ്. അതേസമയം, സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരണം നടത്താന്‍ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ തയ്യാറായിട്ടില്ല.
Also Read : വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ; യാത്രക്കാരന്‍റെ പരാതിയില്‍ വിശദീകരണവുമായി ഇന്‍ഡിഗോ