അന്താരാഷ്‌ട്ര ടി20യില്‍ മിന്നും പ്രകടനം നടത്തുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ സഞ്‌ജു, തൊട്ടുപിന്നാലെ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20യിലും മൂന്നക്കം കടന്നു. ഇന്ത്യന്‍ ടി20 ടീമിന്‍റെ ഓപ്പണറായുള്ള തന്‍റെ പുതിയ റോളില്‍ തിളങ്ങുന്ന മലയാളി താരത്തെ അഭിനന്ദിച്ച് ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്.
സഞ്‌ജുവുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം താരത്തിന്‍റെ പ്രകടനത്തില്‍ ഏറെ അഭിമാനിക്കുന്നതായും പറഞ്ഞു. "അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയിരിക്കുകയാണ് സഞ്‌ജു സാംസണ്‍. തീര്‍ച്ചയായും വമ്പന്‍ പ്രകടനമാണിത്. സഞ്‌ജുവിന്‍റെ ഈ പ്രകടനത്തില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്.
കാരണം എനിക്ക് അവനുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഞങ്ങൾ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. വർഷങ്ങളായി ഞാൻ സഞ്ജുവിന്‍റെ വലിയ ആരാധകനാണ്, അവൻ കളിക്കുന്ന രീതി എനിക്ക് ഏറെ ഇഷ്‌ടമാണ്. അവന്‍ മികച്ച രീതിയില്‍ കളിക്കുന്നതിനായാണ് ഞാന്‍ ആഗ്രഹിക്കുന്നത്" -ഡിവില്ലിയേഴ്‌സ് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐപിഎല്ലില്‍ ഡിവില്ലിയേഴ്‌സ് ഉള്‍പ്പെട്ട ആര്‍സിബിയ്‌ക്ക് എതിരെ സഞ്‌ജു നടത്തിയ സെഞ്ചുറി പ്രകടനവും അദ്ദേഹം ഓര്‍ത്തെടുത്തു. "ആർസിബിയ്‌ക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഒരിക്കല്‍ അവന്‍ സെഞ്ചുറി നേടുമ്പോള്‍ ഞാനും കളത്തിലുണ്ടായിരുന്നു. ഏറെ പ്രത്യേകതയുള്ള താരമാണിതെന്ന് ആ ദിവസം തന്നെ എനിക്ക് മനസിലായി.
അതാണ് അവനിപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സഞ്‌ജു 200-ലധികം സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടില്ല. സാധാരണയായി 140-160 ന് ഇടയിലാണ് അവന്‍റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ തുടര്‍ച്ചയായി നേടിയ ഈ രണ്ട് സെഞ്ചുറികളും ഏറെ വേഗത്തിലായിരുന്നു. പ്രത്യേകിച്ച് അവസാനത്തെ സെഞ്ചുറി"- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
പ്രകടനത്തിന്‍റെ ക്രെഡിറ്റ് മാനേജ്‌മെന്‍റിനല്ല: മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന് സഞ്‌ജുവിന്‍റെ പ്രകടനത്തിന് പിന്നില്‍ കാര്യമായ സ്വാധീനമുണ്ടെന്ന് കരുതുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. കരിയറിൽ തന്‍റെ ബാറ്റിങ് മെച്ചപ്പെടുത്താനും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനും കഴിയുന്ന ഒരു ഘട്ടത്തിൽ സഞ്‌ജു എത്തിയിട്ടുണ്ടെന്നാണ് ഇതിന്‍റെ കാരണമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ചൂണ്ടിക്കാട്ടുന്നത്.
"അവിടെ എന്തോ ട്രിഗർ ചെയ്തു, അവന്‍റെ ഗെയിമിൽ എന്തോ ക്ലിക്കുചെയ്‌തു. മനോഹരവും അനായാസവുമായാണ് അവന്‍ കളിക്കുന്നത്. അധികം പരീക്ഷണങ്ങൾക്ക് അവന്‍ മുതിരുന്നില്ല.
ആൾക്കൂട്ടത്തെ രസിപ്പിക്കാനും ആരെയെങ്കിലും പ്രീതിപ്പെടുത്താനും അവൻ ആഗ്രഹിക്കുന്നുവെന്നും എനിക്ക് തോന്നുന്നില്ല. സഞ്‌ജുവിന്‍റെ ഗെയിമില്‍ എന്തോ ക്ലിക്കായിട്ടുണ്ട്. അത് കോച്ചിങ് സ്റ്റാഫാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായ ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്‌മൺ, റയാൻ ടെൻ ഡോഷേറ്റ്, മോർണി മോർക്കൽ എന്നിവരോടുള്ള അനാദരവല്ലിത്.
സഞ്ജു പക്വതയുടെ ഘട്ടത്തിലെത്തി, അവന് ചിലത് മനസിലായി എന്നാണ് എനിക്ക് തോന്നുന്നുത്. ഞാനടക്കമുള്ള സഞ്‌ജു ആരാധകര്‍ക്ക് ഏറെ ആവേശകരമായ കാര്യമാണിത്. ഇനിയും മറ്റൊരു ഗിയര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു ആറാം ഗിയര്‍. സഞ്‌ജുവിന്‍റെ ആ പ്രകടനം എനിക്ക് കാണേണ്ടതുണ്ട്" എബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
മൂന്ന് ഫോര്‍മാറ്റിലും കളിക്കണം: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ മികവുള്ള താരമാണ് സഞ്‌ജുവെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. "സഞ്ജു തന്‍റെ ഗെയിമിൽ ഗിയർ ഉയർത്തി. എല്ലാ ഫോർമാറ്റുകൾക്കുമായി സെലക്‌ടർമാർ ഇത് നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സഞ്‌ജു എല്ലാ ഫോർമാറ്റുകളും കളിക്കുന്നത് എനിക്ക് കാണണം. ശരിക്കും സ്പെഷ്യലായ ഒരാളാണ് സഞ്‌ജു. ലോകമെമ്പാടുമുള്ള എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ അവന് കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ" -ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.