പാരിസ്: ഒളിമ്പിക്‌സിലെ ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. പക്ഷേ അതീവ ദുഷ്‌കരമാണ് മനുവിന്‍റെ ഇന്ന് നടക്കാനിരിക്കുന്ന ഫൈനൽ മത്സരം. എങ്ങനെയാണ് വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്കോറിങ്ങ് എന്ന് വിശദമായറിയാം.
പാരിസിലെ ഷാറ്ററോക്‌സ് ഷൂട്ടിങ്ങ് റേഞ്ചിൽ ഉച്ചയ്ക്ക് ഒരുമണിക്ക് മനു ഭാക്കർ പിസ്റ്റലുമായി 25 മീറ്റർ ഫയർ പിസ്റ്റൾ ഫൈനൽ മത്സരത്തിനിറങ്ങുകയാണ്. യോഗ്യത റൗണ്ടിൽ പ്രിസിഷൻ റാപ്പിഡ് വിഭാഗങ്ങളിലായി മൂന്നു സീരീസ് വീതം ആയിരുന്നു മത്സരം. അതിൽ 580 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തെത്തിയാണ് മനു ഭാക്കർ ഫൈനലിലേക്ക് കടന്നത്.
ഫൈനലിൽ കളിയുടെ നിയമങ്ങൾ ആകെ മാറുകയാണ്. 25 മീറ്റർ ഫയർ പിസ്റ്റൾ വിഭാഗത്തിൽ റാപ്പിഡ് റൗണ്ട് മാത്രമേ ഉണ്ടാവൂ. റാപ്പിഡ് എന്നാൽ അതിവേഗം ഷൂട്ട് ചെയ്യുക എന്നാണ് ഷൂട്ടിങ്ങിൽ അർഥമാക്കുന്നത്. എന്നാൽ ഒളിമ്പിക്‌സ് 25 മീറ്റർ ഫയർ പിസ്റ്റൾ ഇനത്തിലെ റാപ്പിഡ് നാം ഊഹിക്കുന്നതിലും അതിദ്രുതമാണെന്ന് ഇന്ത്യയുടെ മുൻ ദേശീയ ഷൂട്ടിങ്ങ് കോച്ച് പ്രൊഫസർ സണ്ണി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഫൈനലിലെ നിയമം ഇങ്ങനെ: 'ഫൈനലിൽ റാപ്പിഡ് ഫയറിങ്ങിന് വനിതകൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം അഞ്ച് ഷോട്ടുകൾക്ക് വെറും എട്ട് സെക്കന്‍റാണ്. അതായത് എട്ട് സെക്കൻറിൽ 5 വെടി വെക്കണം. അതും ഒറ്റ ടാർഗറ്റിലേക്കല്ല. അഞ്ച് വ്യത്യസ്‌ത ടാർഗറ്റുകളിലേക്ക്. ഫയറിങ്ങ് റേഞ്ചിലുള്ള റെഡ് ലൈറ്റ് മാറി ഗ്രീൻ തെളിയുമ്പോൾ മാത്രമേ ഷൂട്ടർമാർക്ക് വെടിയുതിർക്കാൻ അനുവാദമുള്ളൂ.
കൈ 45 ഡിഗ്രിയിൽ ആയിരിക്കണം. പച്ച ലൈറ്റ് തെളിയുമ്പോൾ എട്ട് സെക്കന്‍റ് സമയം തുടങ്ങും. കൈ ഉയർത്തി ടാർഗറ്റിനു നേരെ കൊണ്ടുവരാൻ തന്നെ ഒന്നര മിനുട്ട് എടുക്കും. പിന്നെ ആറു സെക്കന്‍റിനുള്ളിൽ അഞ്ച് വെടി വക്കണം. അഞ്ച് ഷോട്ടുകളുടെ നാല് സീരീസാണ് ആദ്യം ഉണ്ടാവുക.
മറ്റൊരു വ്യത്യാസം പോയിന്‍റ് കണക്കാക്കുന്നതിലാണ്. ഇവിടെ പോയിന്‍റല്ല ഹിറ്റുകളാണ് മാനദണ്ഡം. വെറും 10 പോയിന്‍റ് കിട്ടിയാൽ ഹിറ്റായി കണക്കാക്കില്ല. 10.2 അല്ലെങ്കിൽ അതിന് മുകളില്‍ പോയിന്‍റ് നേടിയാൽ ഒരു ഹിറ്റ് ആയി കണക്കാക്കും. അങ്ങിനെ അഞ്ച് ഷോട്ടിൽ നിന്ന് ഒരു ഷൂട്ടർക്ക് പരമാവധി ഒരു സീരീസിൽ കിട്ടുക അഞ്ച് ഹിറ്റ്. അങ്ങിനെ 20 ഷോട്ടുകൾ.
ഏറ്റവും കുറഞ്ഞ ഹിറ്റ് കിട്ടിയ താരം എലിമിനേറ്റ് ചെയ്യപ്പെടും. അടുത്ത സീരീസിൽ ഒരാൾ കൂടി പുറത്തവും. അങ്ങനെ തുടർന്ന് 50 ഷോട്ടുകൾ കഴിയുമ്പോൾ സ്വർണവും വെള്ളിയും അറിയാം.'
ഇത് വനിത 25 മീറ്റർ ഫയർ പിസ്റ്റളിലെ ഫൈനൽ നിയമമാണെങ്കിൽ പുരുഷന്മാരുടേത് അതിലും വ്യത്യസ്‌തമാണ്. അവിടെ നാല് സെക്കൻ്റിൽ അഞ്ച് വെടി ഉതിര്‍ക്കണം. നിയമങ്ങളും രീതികളും കഠിനമാണെങ്കിലും ഇന്ത്യയുടെ മനു ഭാക്കറിന് മെഡൽ സാധ്യതയുണ്ടെന്നാണ് പ്രൊഫസർ സണ്ണി തോമസ് അഭിപ്രായപ്പെടുന്നത്.