ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനം (Valentine’s Day) ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകം. ഫെബ്രുവരി ഏഴ് മുതൽ തന്നെ വാലന്‍റൈൻസ് വീക്കിലെ (Valentine’s Week) ദിനങ്ങൾ ഓരോന്നായി ആരംഭിക്കും. ഫെബ്രുവരി ഏഴ് റോസ് ദിനമായി ആചരിക്കുമ്പോൾ ഫെബ്രുവരി എട്ട് പ്രൊപ്പോസ് ഡേയാണ് (Propose Day 2024).
പ്രണയിക്കുന്ന വ്യക്തിയോടോ ജീവിത പങ്കാളിയോടോ ഒക്കെയുള്ള സ്നേഹം പല രീതിയിലും പ്രകടിപ്പിക്കാനാണ് പലരും വാലന്‍റൈൻസ് വീക്കിലെ ദിവസങ്ങളെ ഉപയോഗിക്കുക. അതിൽ മനസ്സിലെ പ്രണയം തുറന്ന് പറയാനുള്ളതാണ് പ്രൊപ്പോസ് ദിനം.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ പരസ്‌പരം സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കാൻ പറ്റിയ ദിവസമാണിത്. 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുളള ദിനം. ഒരാളോട് പ്രണയാഭ്യര്‍ഥന നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വളരെയധികം ധൈര്യവും ആസൂത്രണവും തയ്യാറെടുപ്പും അത്യാവശ്യമാണ്. ജീവിതകാലം മുഴുവൻ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്നതിന്‍റെ സന്തോഷം ഒന്നോര്‍ത്തുനോക്കൂ.
റോസ് ഡേയ്ക്ക് ശേഷം പ്രണയിതാക്കള്‍ തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനും അവരുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിനുമുള്ള ഒരു ദിവസമാണ് പ്രൊപ്പോസ് ഡേ. ഒരു പ്രത്യേക സമ്മാനം നൽകുന്നതിലൂടെയോ അവർക്ക് ഒരു കത്തെഴുതുന്നതിലൂടെയോ അല്ലെങ്കിൽ അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നതിലൂടെയോ നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കാനുള്ള അവസരമാണിത്. ചിലര്‍ റൊമാന്‍റിക് ഒത്തുചേരലുകളാണ് ഇതിനായി ആസൂത്രണം ചെയ്യുന്നത്. കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളോ, മനോഹരമായ സൂര്യാസ്‌തമയങ്ങളോ, ആകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത് ദൃശ്യമാകുന്ന സ്ഥലത്തോ എല്ലാം പ്രണയാഭ്യര്‍ഥന നടത്താം.
പ്രൊപ്പോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ആത്മാര്‍ത്ഥതയോടെ വേണം പ്രണയാഭ്യര്‍ഥന നടത്താന്‍.
- നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയുടെ ആഗ്രഹങ്ങളും, താത്പര്യങ്ങളും കൂടി കണക്കിലെടുത്തുവേണം പ്രണയാഭ്യര്‍ഥന നടത്താന്‍. അവരുടെ താത്പര്യങ്ങള്‍ക്ക് വില നല്‍കാതെ പ്രൊപ്പോസ് ചെയ്യുന്നതാണ് പ്രധാനമായും പലര്‍ക്കും പറ്റുന്ന തെറ്റുകളിലൊന്ന്.
- ഒരിക്കലും ഒരാളോടും ചാടിക്കയറി പ്രണയാഭ്യര്‍ഥന നടത്തരുത്. ഭാവിയെക്കുറിച്ച് രണ്ടുപേരും വിശദമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്.
- പ്രൊപ്പോസ് ചെയ്യുമ്പോള്‍ മോതിരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മോതിരം നിര്‍ബന്ധമായും വാങ്ങാന്‍ ശ്രദ്ധിക്കുകയും, അത് നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയുടെ ശരിയായ അളവില്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
- എത്ര വിലകൂടിയ സമ്മാനം നൽകിയാലും പ്രണയം നിറഞ്ഞ വാക്കുകൾക്ക് വേണ്ടി അവർ കാതോർത്തിരിക്കും. ഒരുപക്ഷെ, നിങ്ങളുടെ പ്രണയാതുരമായ വാക്കുകൾ കേൾക്കാതെ, ഒരു നല്ല സന്ദേശം ലഭിക്കാതെ ആ സമ്മാനം പൂർണമാകില്ല.
- നിങ്ങളുടെ പങ്കാളി വളരെയധികം പ്രൈവസി ഇഷ്‌ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അവരോട് പ്രണയാഭ്യര്‍ഥന നടത്താന്‍ ശ്രമിക്കരുത്.
- സാധാരണ രീതിയില്‍ പ്രൊപ്പോസ് ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങളുടെ പങ്കാളി വളരെ സ്പെഷ്യല്‍ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാവണം പ്രണയാഭ്യര്‍ഥന നടത്തേണ്ടത്. അതേസമയം ഒരിക്കലും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കരുത്.
- പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളോ, എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന് ഉറപ്പാക്കണം. ഇനി അഥവാ ഉണ്ടെങ്കില്‍ നേരത്തെ തന്നെ തുറന്ന് സംസാരിക്കണം.
ഉത്തരം യെസ് ആണെങ്കിലും നോ ആണെങ്കിലും അതിനെ പക്വതയോടെ നേരിടുക എന്നുള്ളതാണ് ഇന്നത്തെ തലമുറ പഠിക്കേണ്ട കാര്യം. എപ്പോഴും പ്രണയം തുറന്ന് പറയാൻ മുന്നിട്ടിറങ്ങിയിരുന്നത് പുരുഷന്മാരായിരുന്നുവെന്ന രീതിയെ പാടെ മാറ്റി ഇക്കാലത്ത് ഇരു കൂട്ടരും ഒരുപോലെ പ്രണയാഭ്യർഥന നടത്തുന്നുണ്ട്. തിരക്കുകളിൽപ്പെട്ട് ഒന്നിനും സമയം കണ്ടെത്താൻ കഴിയാതെ പോകുന്ന ആധുനിക ലോകത്ത് പ്രിയപ്പെട്ടവരോടുള്ള പ്രണയം തുറന്ന് പറയേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയാണ് പ്രൊപ്പോസ് ഡേ. തുറന്ന മനസ്സോടെ സത്യസന്ധമായി മനസ്സിലെ പ്രണയം പങ്കുവച്ചുകൊണ്ട് പ്രണയ സങ്കൽപ്പങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത് കൂടിയാകണം മനുഷ്യന്‍റെ ജീവിതമെന്നും ഈ പ്രൊപ്പോസ് ദിനം ഓർമ്മപ്പെടുത്തുന്നു.