ഹൈദരാബാദ്: ലോക് സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ സഖ്യകക്ഷികളുടെ ബലത്തിൽ മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെങ്കിലും കേവല ഭൂരിപക്ഷമായ 272 സീറ്റുകൾ മാത്രമായിരുന്നില്ല ബിജെപി പ്രതീക്ഷിച്ചിരുന്നത്. 400ലധികം സീറ്റുകൾ പ്രതീക്ഷിച്ചിരുന്ന ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിയത് തോറ്റതുപോലെയായി. എന്നാൽ 99 സീറ്റുകൾ മാത്രം നേടാനായ കോൺഗ്രസിനേക്കാൾ വലിയ വിജയമാണ് ബിജെപിയുടേത് എന്നതാണ് മറ്റൊരു കാര്യം.
തുടർച്ചയായ മൂന്നാം തവണയും പകുതി സീറ്റിൽ പോലും എത്താൻ കഴിഞ്ഞില്ലെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നാണക്കേട് തന്നെ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയ സീറ്റുകളുടെ ആകെ എണ്ണം (44,52,99) കൂട്ടിച്ചേർത്താൽ പോലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയതിനേക്കാൾ 45 സീറ്റുകൾ കുറവാണ്.
അങ്ങനെയെങ്കിൽ, തെരഞ്ഞെടുപ്പിൽ വിജയിച്ചതുപോലെ രാഹുൽ ഗാന്ധി ആഘോഷിക്കുന്നത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് തോന്നാം. ഇതിനു പിന്നിൽ ബിജെപിക്ക് ഭൂരിപക്ഷം നിഷേധിക്കുക എന്ന കോൺഗ്രസിന്‍റെ ലക്ഷ്യം തന്നെയാണ്. തുടർച്ചയായി മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുന്നത് തടയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ ഭൂരിപക്ഷം കുറയ്‌ക്കാനായതു തന്നെയാണ് രാഹുലിന്‍റെ വിജയം.
400-ലധികം സീറ്റെന്ന അവകാശവാദം ബിജെപിയുടെ പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയുടെ ഭരണഘടന പൊളിച്ചെഴുതാനും എസ്‌സി, എസ്‌ടി, ഒബിസി സംവരണം ഇല്ലാതാക്കാനും മോദിക്ക് 400 സീറ്റ് വേണമെന്ന രീതിയിൽ പ്രചരണം നടത്താൻ ബിജെപിയുടെ പ്രസ്‌താവന കോൺഗ്രസിന് ഗുണം ചെയ്‌തു. കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും യുപിയിൽ വോട്ട് ലഭിച്ചതിന് പിന്നിൽ ഇതുതന്നെയാണ്.
കോൺഗ്രസിന് തുണയായത് മുസ്ലിം വോട്ടുകൾ: 20 ശതമാനം മുസ്ലീങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്‌തതും കോൺഗ്രസിനെ അനുകൂലിച്ചു. എന്നാൽ എസ്‌സി-എസ്‌ടി, ഒബിസി സംവരണം മുസ്ലീങ്ങൾക്ക് മാത്രം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന പ്രസ്‌താവനയിറക്കിയാണ് പ്രതിപക്ഷ പ്രചാരണങ്ങളെ മോദി പ്രതിരോധിച്ചത്.
ബിജെപിയെ പരാജയപ്പെടുത്താൻ യുപിയിലെ മുസ്ലിങ്ങൾ ഒറ്റക്കെട്ടായി നിന്നത് ശ്രദ്ധേയമാണ്. യുപിയിൽ ബിഎസ്‌പിയോ മറ്റ് പാർട്ടികളോ നിർത്തിയ ദുർബല മുസ്ലീം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്‌ത് അവർ തങ്ങളുടെ വോട്ട് പാഴാക്കിയില്ല. അസമിലെ മൂന്ന് ലോക്‌സഭ സീറ്റുകളിൽ എൻഡിഎ സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങിയതിൽ മുസ്ലീം വോട്ടർമാർ വഹിച്ച പങ്ക് വലുതാണ്. ഇത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വരെ ഞെട്ടിച്ചതാണ്.
പശ്ചിമ ബംഗാളിലെ ബെഹ്‌റാംപൂർ സീറ്റിൽ 1990 മുതൽ വിജയിച്ചു കൊണ്ടിരുന്ന അധീർ രഞ്ജൻ ചൗധരി ഇത്തവണ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനോട് 70,000 വോട്ടിന് പരാജയപ്പെട്ടു. 52 ശതമാനം മുസ്ലീങ്ങളുള്ള സീറ്റാണിത്. മുപ്പത് വർഷമായി ബെഹ്‌റാംപൂരിനായി എൻ്റെ വിയർപ്പും രക്തവും നൽകിയെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്നും പരാജയത്തിന് പിന്നാലെ ചൗധരി പറഞ്ഞു. തോൽവി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നായിഡുവും നിതീഷും പിന്മാറുമോ?: നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വലിക്കുന്ന ചരടിൽ ഇനി മോദി ആടിക്കളിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ രണ്ട് കാരണങ്ങളാൽ ടിഡിപിയും ജെഡിയുവും ഇത് ചെയ്യാനിടയില്ല. കാരണം ഇന്ത്യ സഖ്യം കൊണ്ട് സ്ഥിരതയുള്ള സർക്കാർ സാധ്യമല്ലെന്ന് ഇരു പാർട്ടികൾക്കുമറിയാം. ഇനി ജെഡിയുവും ടിഡിപിയും പിന്തുണച്ചില്ലെങ്കിൽ തന്നെ മറ്റ് എംപിമാർ മോദിയെ പിന്തുണയ്‌ക്കാനിടയുണ്ട്. എന്നാൽ ഇത് എംപിമാരുടെ പിന്തുണയെ ആശ്രയിച്ചിരിക്കും.
കൂടാതെ മോദി പ്രധാനമന്ത്രിയായാൽ ആന്ധ്രയ്‌ക്കും ബീഹാറിനും വേണ്ട പരിഗണന ലഭിക്കുമെന്നതിനാൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പിന്തുണ പിൻവലിക്കാനിടയില്ല.