ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ല് സൗഹൃദത്തിന്‍റെ ആഴം മനസിലാക്കിയുള്ളതാണ്. പലരും രക്തബന്ധത്തേക്കാള്‍ പ്രാധാന്യം കൽപിക്കുന്ന ഒന്നാണ് സൗഹൃദം. സൗഹൃദത്തേക്കാള്‍ ശുദ്ധമായ മറ്റൊന്നില്ലെന്ന് കരുതുന്നവരും ഏറെയാണ്. പ്രയാസകരമേറിയ സന്ദര്‍ഭങ്ങളിലും എല്ലായ്‌പ്പോഴും നമുക്ക് പിന്തുണ നല്‍കുന്ന വ്യക്തിയാണ് സുഹൃത്ത്.
ഈ പ്രത്യേക ബന്ധത്തെ ആഘോഷിക്കുന്നതിനായി ലോകമെമ്പാടും എല്ലാ വര്‍ഷവും സൗഹൃദ ദിനം ആഘോഷിക്കാറുണ്ട്. ജൂലൈ 30നാണ് അന്താരാഷ്‌ട്ര സൗഹൃദ ദിനം ആചരിക്കുന്നത്. എന്നാല്‍, ഇന്ത്യ, മലേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബംഗ്ലാദേശ് തുടങ്ങിയ മറ്റു ചില രാജ്യങ്ങൾ ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്‌ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം അത് ആഗസ്റ്റ് 6നാണ്.
1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകള്‍ കണ്ടുപിടിച്ച ജോയ്‌സ് ഹാള്‍ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയം കൊണ്ടുവന്നത്. എന്നാല്‍, ഈ ദിനം ആശംസ കാര്‍ഡുകള്‍ വില്‍ക്കാനുള്ള ഒരു തന്ത്രമാണെന്ന് കരുതിയിരുന്നതിനാല്‍ യുഎസിലെ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് അതിന്‍റെ ജനപ്രീതി നഷ്‌ടപ്പെട്ടു. പിന്നീട് ഡോ. റാമോണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ 1958 ജൂലൈ 20 ന് ലോക സൗഹൃദ ദിനം എന്ന ആശയം അവതരിപ്പിച്ചു.
ഏഷ്യന്‍ രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ ദിനം ആഘോഷിക്കുന്നത് തുടര്‍ന്നു. 1958 ലാണ് ആദ്യമായി സൗഹൃദ ദിനം ആചരിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ 2011 ലാണ് ജൂലൈ 30 അന്താരാഷ്‌ട്ര സൗഹൃദ ദിനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയിലുള്ള ബന്ധത്തെ ബഹുമാനിക്കുക എന്നതാണ് സൗഹൃദ ദിനത്തിൽ പലരും ഊന്നിപ്പറയുന്നത്. പ്രായമോ ജാതിയോ മതമോ പരിഗണിക്കാതെ പരസ്‌പര സ്നേഹത്തിൽ നിന്നും ആദരവിൽ നിന്നുമായിരിക്കണം ഇത്തരം ബന്ധങ്ങൾ ഉടലെടുക്കേണ്ടത്. ഐക്യരാഷ്‌ട്രസഭയുടെ അഭിപ്രായത്തില്‍, ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും സാമൂഹിക ഐക്യവും വർധിപ്പിക്കുന്നതിന് നല്ല സൗഹൃദങ്ങൾ സഹായിക്കും.
സ്ഥിരത കൈവരിക്കാനും ഏറ്റവും ആവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പൊതുനന്മയ്ക്കായി, എല്ലാവരും ഒന്നിക്കുന്ന ഒരു മികച്ച ലോകത്തിനായി, സൗഹാര്‍ദത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാനും ഈ ദിനം ആഘോഷിക്കപ്പെടുന്നു.
ALSO READ: റാമോജി ഫിലിം സിറ്റിയിൽ 'ഫ്രണ്ട്ഷിപ്പ് വീക്ക്'; കോളേജ് വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ