ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം സഞ്ചാരികളുടെ ഇഷ്‌ട വിനോദസഞ്ചാര കേന്ദ്രമാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതി, സംസ്‌കാരം, ചരിത്രം എന്നിവകൊണ്ട് വേറിട്ട് നിൽക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കൂടിയാണ് കേരളം. പ്രകൃതി സൗന്ദര്യം ആവോളമുള്ളതിനാൽ ലോകത്തുടനീളമുള്ള സഞ്ചാരികൾ കേരളത്തിന്‍റെ മനോഹാരിത ആസ്വദിക്കാൻ എത്താറുണ്ട്. കാടും മലയും കടലും കാട്ടാറും പുഴയും കൊണ്ട് സമ്പന്നമായ നമ്മുടെ കൊച്ചു കേരളത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കിയാലോ...
പൊന്മുടി
ഏതുസമയത്തും ഉല്ലാസയാത്ര ചെയ്യാൻ പറ്റിയ ഒരിടമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി. ഇവിടുത്തെ കുന്നുകളും പച്ചപ്പും തണുത്ത കാറ്റും കാട്ടുപൂക്കളും ചിത്രശലഭങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും സന്ദർശകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നത് തീർച്ച. ട്രെക്കിങ് ഇഷ്‌ടപ്പെടുന്നവർക്കും പൊന്മുടി നല്ലൊരു ഓപ്‌ഷനാണ്.
സൈലന്‍റ് വാലി
പാലക്കാട് ജില്ലയിലെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്‍റ് വാലി. യുനെസ്‌കോ ലോകപൈതൃക പദവി നൽകിയ വനപ്രദേശം കൂടിയാണിത്. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും ഒരു ആവാസ കേന്ദ്രമാണ് ഇവിടം. കാടറിഞ്ഞ് കാനന ഭംഗി ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് സൈലന്‍റ് വാലി.
നെല്ലിയാമ്പതി
ഏതൊരാളെയും ആകർഷിക്കുന്ന മലനിരകളാണ് നെല്ലിയാമ്പതിയെ മനോഹരമാക്കുന്നത്. വന്യമൃഗങ്ങളുടേയും പക്ഷികളുടെയും ആവാസ കേന്ദമായ നെല്ലിയാമ്പതിയിലെ തേയില തോട്ടങ്ങളും ഏലത്തോട്ടങ്ങളും കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ് സമ്മാനിക്കുന്നത്.
തെന്മല
പ്രകൃതിയോട് ഇത്രയും കൂടുതൽ ഇണങ്ങി നിൽക്കുന്ന സ്ഥലം വേറേയില്ലന്ന് തന്നെ പറയാം. രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തെന്മല. തോട്ടങ്ങളും, കുന്നുകളും, വനങ്ങളും ഉൾപ്പെടുന്ന പ്രകൃതി ജാലകമാണ് ഇവിടം. നിരവധി മനോഹര കാഴ്‌ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
വേമ്പനാട്ട് കായൽ
നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട്ട് കായൽ. രാജ്യത്തെ ഏറ്റവും നീളം കൂടിയ തടാകം കൂടിയാണിത്. ഹൗസ്ബോട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ ഒരു ഇടമാണ് ഇവിടം.
ഗവി
കാടും കാട്ടുമൃഗങ്ങളുമാണ് ഗവിയിലെ പ്രധാന ആകർഷണം. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദമാണ് ഇവിടം. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോർ ക്യാമ്പിംഗ്, രാത്രി വനയാത്രകൾ തുടങ്ങിയവയാണ് ഇവിടത്തെ സവിശേഷതകൾ.
Also Read : വിദേശ സ്വപ്‌നം ഇനി മാറ്റിവെക്കേണ്ട; വിസയില്ലാതെ പറക്കാവുന്ന ആറ് രാജ്യങ്ങൾ ഇതാ