ഇന്ത്യ കണ്ടത്തിൽ ഏറ്റവും കരുത്തുറ്റ സംരഭകനായിരുന്നു രത്തൻ ടാറ്റ. ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിലും ജീവകാരുണ്യ പ്രവർത്തനം നടത്താൻ അദ്ദേഹം മറന്നില്ല. തന്‍റെ സമ്പത്തിന്‍റെ പരമാവധി വിഹിതം സംഭാവന ചെയ്‌ത ഒരേയൊരു വ്യവസായി രത്തൻ ടാറ്റയാണ്. ഇത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‍തനാക്കുന്നത്. ലളിതമായ ജീവിതശൈലി പിന്തുടർന്നിരുന്ന അദ്ദേഹം ആരോഗ്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധാലുവായിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ചിട്ടയായ യോഗ, ധ്യാനം എന്നിവയാണ് അദ്ദേഹത്തെ ഇത്രയും കാലം ആരോഗ്യത്തോടെ നിലനിർത്തിയ ഘടകങ്ങൾ. പ്രായം 86 കടന്നപ്പോഴും അദ്ദേഹം പൂർണ ഫിറ്റായിരുന്നു. ഏതൊരാൾക്കും പിന്തുടരാവുന്നതായിരുന്നു രത്തൻ ടാറ്റായുടെ ജീവിതശൈലി. അദ്ദേഹത്തിന്‍റെ ദിനചര്യകൾ എന്തൊക്കെയായിരുന്നെന്ന് അറിയാം.
വ്യായാമം
ദിവസവും അതിരാവിലെ എഴുന്നേൽക്കുന്ന ശീലമുള്ള ആളായിരുന്നു രത്തൻ ടാറ്റ. വ്യായാമത്തിലൂടെയാണ് ഒരു ദിവസം ആരംഭിച്ചിരുന്നത്. രാവിലെ 6 മണിക്ക് പ്രഭാത നടത്തത്തിന് പോകും. തിരിച്ചെത്തിയാൽ ഉടൻ യോഗ ആരംഭിക്കും. ഇത് കൂടാതെ പതിവായി സൂര്യനമസ്‌കാരവും ചെയ്യാറുണ്ടായിരുന്നു. പ്രായാധിക്യ പ്രശ്‌നങ്ങൾ അദ്ദേഹത്തെ വലിയ രീതിയിൽ അലട്ടിയിരുന്നില്ല. വ്യായാമത്തിലൂടെ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ധ്യാനം
രത്തൻ ടാറ്റ ദിവസേന ധ്യാനത്തിൽ ഏർപ്പെട്ടിരുന്നു. തിരക്കേറിയ ജീവിതത്തിൽ സമ്മർദ്ദങ്ങൾ കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും ധ്യാനം സഹായിക്കും. മനസിനെ ശാന്തമാക്കാനും ചിന്താശേഷി വർധിപ്പിക്കാനും ധ്യാനം വളരെയധികം ഗുണം ചെയ്യും.
ശരിയായ ഭക്ഷണക്രമം
ഭക്ഷണക്രമത്തിൽ കർശന നിയമങ്ങൾ പാലിച്ചിരുന്ന ആളായിരുന്നു രത്തൻ ടാറ്റ. വീട്ടിൽ പാകം ചെയ്‌ത ഭക്ഷണമായിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്‌ടം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ അദ്ദേഹത്തിന്‍റെ നിഘണ്ടുവിലെ ഉണ്ടായിരുന്നില്ല.
പ്രിയം പാഴ്‌സി ഭക്ഷണത്തോട്
രത്തൻ ടാറ്റ തന്‍റെ ഇഷ്‌ട ഭക്ഷണത്തെ കുറിച്ച് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രുചികരവും ആരോഗ്യകരവുമായ പാഴ്‌സി ഭക്ഷണത്തോടായിരുന്നു അദ്ദേഹത്തിന് എന്നും പ്രിയം. അദ്ദേഹം പതിവായി പ്രഭാതഭക്ഷണമായി കഴിച്ചിരുന്നത് അകൂരിയും മുട്ട ബൂജിയുമായിരുന്നു. പാഴ്‌സി ഭക്ഷണത്തോടൊപ്പം പരിപ്പും അദ്ദേഹത്തിന്‍റെ ഇഷ്‌ട വിഭവമായിരുന്നു.