ഒരു ചായയിലൂടെ ദിവസം ആരംഭിക്കുന്നവരായിരിക്കും മിക്ക ആളുകളും. മലയാളികളെ സംബന്ധിച്ച് ചായയെന്നാൽ ഒരു വികാരമാണ്. കട്ടൻ ചായ, ഇഞ്ചി ചായ, പാൽ ചായ, ഗ്രീൻ ടീ എന്നീ ഏതെങ്കിലുമൊക്കെ ചായ രാവിലെയും വൈകീട്ടും നിർബന്ധമാണ് പലർക്കും. ചായക്കടയിൽ നിന്നും ലഭിക്കുന്ന മസാല ചായ ഇഷ്‌ടപ്പെടുന്നവരും നിരവധിയാണ്. എന്നാൽ കടയിലെ മസാല ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. ഇതിന്‍റെ കാരണം ചായ ഉണ്ടാക്കുന്ന രീതിയുടെയും ചേരുവകളുടെയും വ്യത്യസമാണ്. എന്നാൽ ചായ കടയിൽ നിന്നും ലഭിക്കുന്ന മസാല ചായ അതെ രുചിയിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ - 250 മില്ലി ലിറ്റർ
- വറ്റൽ ഇഞ്ചി - 2 ടീസ്‌പൂൺ
- ചായപ്പൊടി - 3 ടീസ്‌പൂൺ
- ഗ്രാമ്പൂ - 4 എണ്ണം
- ഏലം - 5 എണ്ണം
- കറുവപ്പട്ട - ചെറിയ കഷ്‌ണം
- റോസ് ഇതളുകൾ - 2 ടീസ്‌പൂൺ
- പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. ശേഷം പാൽ മാറ്റി വയ്ക്കുക. പിന്നീട് വേറൊരു പാത്രമെടുത്ത് ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം ഇതിലേക്ക് വറ്റൽ ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക (മസാല രുചി ഇഷ്‌ടമല്ലാത്തവർ ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഒഴിവാക്കാവുന്നതാണ്). ശേഷം ഇതിലേക്ക് 3 ടീസ്‌പൂൺ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇത് നല്ല പോലെ തിളച്ച് കഴിഞ്ഞാൽ മാറ്റിവച്ചിരിക്കുന്ന പാൽ കൂടി ഇതിലേക്ക് ചേർക്കുക. ചായയുടെ രുചി വർധിപ്പിക്കാനായി എടുത്തുവച്ചിരിക്കുന്ന റോസ് ഇതളുകൾ കൂടി ചേർത്ത് മീഡിയം ഫ്ലെയിമിൽ വീണ്ടും ഒരു 5 മിനിറ്റ് നേരം ചായ തിളപ്പിക്കുക. ശേഷം സ്റ്റൌ ഓഫ് ചെയ്‌ത് ചൂട് ചായ ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.