നിരവധി ആരോഗ്യ ഗുണങ്ങളുള്ള ധാന്യമാണ് ഓട്‌സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന പോഷകമൃദ്ധമായ ആഹാരം കൂടിയാണിത്. പ്രോട്ടീൻ, ബീറ്റാ ഗ്ലൂക്കൻസ്, ഫോസ്‌ഫറസ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് ഓട്‌സ്. ഉയർന്ന അളവിൽ ഫൈബറും കുറഞ്ഞ അളവിൽ കലോറിയും അടങ്ങിട്ടുള്ളതിനാൽ പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.
ഓട്‌സിൽ വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഓട്‌സ് നല്ലതാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുള്ളതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും വലിയ പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഓട്ട്സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പ്രാതലിന് ഓട്‌സ് പുട്ട് തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
- ഓട്‌സ് - 2 കപ്പ്
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- തേങ്ങ ചിരകിയത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് ഓട്‌സ് ഇടുക. ഇത് നന്നായി വറുത്ത ശേഷം മാറ്റി വയ്ക്കുക. ചൂട് പോയാൽ നന്നായി പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇത് പതിനഞ്ച് മിനുട്ട് നേരം മാറ്റി വയ്ക്കാം. ഇനി പുട്ടുകുടത്തിൽ കുറച്ച് വെള്ളമെടുത്ത് സ്റ്റൗവ് ഓൺ ചെയ്‌ത് തിളക്കാൻ വയ്ക്കുക. ഈ സമയം പുട്ടുകുറ്റിയെടുത്ത് ചിരകി വച്ചിരിക്കുന്ന തേങ്ങ അൽപം അതിലേക്ക് ഇടുക. ശേഷം കുഴച്ചുവച്ചിരിക്കുന്ന ഓട്ട്സ് ചേർക്കുക. വീണ്ടും തേങ്ങാ ഇടുക. പുട്ടുകുറ്റി നിറയുന്നത് വരെ ഇങ്ങനെ ചെയ്യാം. വെള്ളം തിളച്ചു കഴിഞ്ഞാൽ പുട്ട് കുടത്തിന് മുകളിൽ പുട്ടുകുറ്റി വച്ച് നന്നായി വേവിക്കുക. വെന്ത് കഴിഞ്ഞാൽ പൂട്ട് വാങ്ങി വയ്ക്കാം. രുചികരമായ ഓട്‌സ് പുട്ട് റെഡി. ചൂടോടെ നിങ്ങൾക്ക് ഇഷ്‌ടമുള്ള കറിയോടൊപ്പം കഴിക്കാം.
Also Read: കടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ മസാല ചായ തയ്യാറാക്കിയാലോ; സീക്രട്ട് റെസിപ്പി ഇതാ