മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒന്നാണ് കിടക്കുന്നതിന് മുമ്പ് മുടി പിന്നിയിടുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉറങ്ങുന്നതിന് മുമ്പ് മുടി പിന്നിയിടാറുണ്ട്. ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുടിയിഴകൾ കെട്ട് പിണയുന്നത് തടയാനും മുടിയിലെ ഈർപ്പം നഷ്‌ടമാകാതിരിക്കാനും ഈ രീതി സഹായിക്കുമെന്ന് ഡോര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ സ്രവ്യ തിപിണേണി പറയുന്നു. ഉറങ്ങുന്നതിന് മുമ്പ് മുടി പിന്നിയിടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വരൾച്ച തടയാൻ
രാത്രിയിൽ മുടി പിന്നിയിട്ട് ഉറങ്ങുന്നത് നല്ലതാണ്. ഇത് മുടിയിലും തലയോട്ടിയിലും ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും. മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ കേശ സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്. അതിനാൽ കിടക്കുന്നതിന് മുമ്പ് മുടി നല്ലപോലെ ചീകി ഒതുക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയ്ക്ക് തിളക്കം, മൃദുലത എന്നിവ നൽകാൻ സഹായിക്കും.
മുടി പൊട്ടുന്നത് തടയാൻ
മുടി അഴിച്ചിട്ട് ഉറങ്ങുമ്പോൾ മുടിയിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പിന്നിയിട്ട് കിടക്കുന്നതാണ് നല്ലത്. ഇത് മുടിയിഴകൾ തമ്മിൽ ഉരസി കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും സംരക്ഷിക്കും. രാത്രി കിടക്കുന്നതിന്‍റെ മുമ്പ് മുടി ചീകുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി പൊട്ടി പോകുന്നത് തടയാനും സഹായിക്കും.
മുഖക്കുരു അകറ്റാൻ
മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ഒരു ഘടകമാണ് മുടി. മുടി അഴിച്ചിട്ട് ഉറങ്ങുമ്പോൾ മുടിയിലെ അഴുക്കും താരനും പൊടിയുമെല്ലാം മുഖത്തും അടിഞ്ഞ് കൂടാൻ കാരണമാകും. ഇത് മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ മുടി പിന്നിയിടുന്നത് ഗുണം ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം
രാത്രിയിൽ മുടി പിന്നിയിടുമ്പോൾ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കുക. തല കഴുകിയതിന് ശേഷം നല്ലപോലെ നനവ് ഉണങ്ങാത്തെ മുടി പിന്നിയിടരുത്. കൂടാതെ ടൈറ്റായി പിന്നിയിടാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിനൊക്കെ പുറമെ മുടിയുടെ ആരോഗ്യം നിലനിർത്താൻ പോഷകാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ നിർജ്ജലീകരണം സംഭവിക്കുകയും മുടി കൊഴിച്ചിൽ ഉൾപ്പെടെയുള്ള പല പ്രശ്‌നവങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : വീട്ടിൽ ഈ വിത്തുണ്ടോ ? തിളങ്ങുന്ന ആരോഗ്യമുള്ള മുടി സ്വന്തമാക്കാം