സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മിക്കവരും. ചർമ്മത്തിന്‍റെയും മുടിയുടെയും സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചുണ്ടുകളുടെ പരിചരണവും. അമിതമായി വെയിലേൽക്കുക, കാലാവസ്ഥ വ്യതിയാനം, ലിപ്സ്റ്റിക്കുകളുടെ അമിത ഉപയോഗം, കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ ചുണ്ടുകളുടെ സ്വാഭാവിക ഭംഗി നഷ്‌ടപ്പെടുത്തുകയും ഇരുണ്ട നിറത്തിന് കരണമാകുന്നവയുമാണ്. ഈ പ്രശ്‌നങ്ങളിൽ നിന്ന് ചുണ്ടിനെ സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ എന്തൊക്കെയെന്ന് നോക്കാം.
ബീറ്റ്‌റൂട്ട്, മാതളനാരങ്ങ, മല്ലിയില
ചുണ്ടിലെ കറുത്ത പാടുകൾ അകറ്റാൻ ബീറ്റ്‌റൂട്ട് നീരും മാതളനാരങ്ങയുടെ പൾപ്പും മല്ലിയില നീരും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് കറുത്ത നിറമകറ്റാൻ സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.
തേൻ, നാരങ്ങാ നീര്, ഗ്ലിസറിൻ
തേനും നാരങ്ങാനീരും ഗ്ലിസറിനും ഒരേ അവളിൽ എടുക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ചുണ്ടിൽ പുരട്ടാം. ഇത് ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ നല്ലതാണ്.
മോയ്‌സ്‌ചറൈസേഷൻ
ഈർപ്പം കുറയുമ്പോൾ ചുണ്ടുകൾ വരണ്ടതാകുന്നു. ഇത് ചുണ്ടിൽ നിറവ്യത്യസത്തിന് കാരണമാകുന്നു. അതിനാൽ ഇടയ്ക്കിടെ ലിപ് ബാം, ബദാം ഓയിൽ എന്നിവ പുരട്ടുന്നത് ചുണ്ടുകൾക്ക് ആവശ്യമായ ഈർപ്പം നൽകാൻ സഹായിക്കും. കൂടാതെ ദിവസത്തിൽ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ചുണ്ടുകളിൽ ഈർപ്പം നിലനിർത്താൻ ഇത് ഗുണം ചെയ്യുന്നു.
സ്‌ക്രബ്ബിംഗ്
ചർമ്മം സ്‌ക്രബ് ചെയ്യുന്നതുപോലെ തന്നെ ചുണ്ടുകൾക്കും ഇത് ആവശ്യമാണ്. അതിനായി ചുണ്ടുകൾ ചെറുതായി നനച്ച ശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ശേഷം കഴുകി കളയാം. പിന്നീട് ലിപ് ബാം പുരട്ടുക, ദിവസവും ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം
ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനായി ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ചുണ്ടിന്‍റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ഈന്തപ്പഴം അഥവാ കാരക്ക. ഇത് കുതിർത്ത വെള്ളം കുടിക്കുന്നത് ചുണ്ടുകളെ ആരോഗ്യത്തോടെ നിലനിർത്തും. അതിനായി 6 കാരക്ക എടുത്ത് തിളച്ച വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. 30 മിനിട്ടിന് ശേഷം ഇത് കുടിക്കാം.
വെയിലിൽ നിന്ന് സംരക്ഷിക്കുക
പുറത്തിറങ്ങുമ്പോൾ വെയിലേൽക്കുന്നതും ചുണ്ടുകളുടെ നിറം ഇരുണ്ടതാകാൻ കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. അതിനാൽ വെയിലത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ സൺസ്‌ക്രീൻ ലോഷൻ, സ്‌കാർഫ് എന്നിവ ഉപയോഗിക്കണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ജോലിസമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? കാരണങ്ങൾ ഇതാകാം