ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവയാണ് പഴങ്ങളും പച്ചക്കറികളും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസേന ഇവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും പോഷകങ്ങൾ ലഭിക്കാനും സഹായിക്കും. മാത്രമല്ല ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ മറ്റ് അപകടകരമായ രോഗങ്ങൾ തടയാനുള്ള കഴിവും പച്ചക്കറികൾക്കും പഴങ്ങൾക്കുമുണ്ട്. പച്ചക്കറികൾ എത് സമയത്ത് വേണമെങ്കിലും കഴിക്കാം. എന്നാൽ പഴങ്ങൾ ശരിയായ സമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. പഴങ്ങൾ കഴിക്കുന്നതിന്‍റെ ആരോഗ്യപരമായ എല്ലാ ഗുണങ്ങളും ലഭിക്കാൻ നിശ്ചിത സമയത്ത് കഴിക്കണമെന്ന് പോഷകാഹാര വിദഗ്‌ധർ പറയുന്നു.
പഴങ്ങൾ കഴിക്കേണ്ടത് എപ്പോൾ?
പ്രഭാത ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ആപ്പിൾ, ഏത്തപ്പഴം, തണ്ണിമത്തൻ, അവക്കാഡോ, മാമ്പഴം, പൈനാപ്പിൾ, സപ്പോട്ട എന്നീ പഴങ്ങൾ രാവിലെ കഴിക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണ്.
രാവിലെ പഴങ്ങൾ കഴിക്കുന്നതിൻ്റെ മറ്റ് ഗുണങ്ങൾ
ഊർജ്ജം നൽകുന്നു
പ്രഭാതഭക്ഷണമായി പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ, ധാതുക്കൾ എന്നിവ ലഭിക്കാൻ സഹായിക്കും. ഇത് ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജവും ഉന്മേഷവും ഉത്സാഹവും നൽകുന്നു.
ജലാംശം നിലനിർത്തുന്നു
ജലാംശം കൂടുതൽ അടങ്ങിട്ടുള്ള പഴങ്ങളാണ് തണ്ണിമത്തൻ, ഓറഞ്ച് എന്നിവ. പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
പ്രകൃതിദത്ത പഞ്ചസാര
പഴങ്ങളിൽ സ്വാഭാവിക പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇത് ശരീരത്തിന് പെട്ടന്ന് ഊർജ്ജം നൽകാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
ദഹനം മെച്ചപ്പെടുത്തും
പഴങ്ങളിലും പച്ചക്കറികളിലും ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും ഇത് ഗുണം ചെയ്യുന്നു. പഴങ്ങളിലും പച്ചക്കറികളിലും ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രാവിലെ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
പഴങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക... എട്ടിന്‍റെ പണി കിട്ടും