ലണ്ടന്‍: ബ്രിട്ടനില്‍ വോട്ടെടുപ്പ് തുടങ്ങി. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് അടക്കം 650 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റ്സ്, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, എസ്‌ഡിഎല്‍പി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, സിന്‍ഫിയന്‍, തുടങ്ങിയ കക്ഷികള്‍ തങ്ങളുടെ പ്രതിനിധികളെ കളത്തിലിറക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന രസകരമായ ഒരു സംഗതി രാജ്യത്ത് എല്ലാത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത് വ്യാഴാഴ്‌ച ദിവസങ്ങളിലാണ് എന്നതാണ്. 1930കള്‍ മുതല്‍ വ്യാഴാഴ്‌ചയാണ് രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ്.
എന്ത് കൊണ്ട് വ്യാഴം?
മിക്ക നഗരങ്ങളിലും വ്യാഴാഴ്‌ച പ്രവൃത്തി ദിനമാണ്. അതായത് ആളുകള്‍ പൊതുവിടങ്ങളില്‍ ഒത്തുകൂടാന്‍ ഇടയുള്ള ദിവസം. ഇത് അവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യപ്രദമാകുന്നു. മിക്ക ജോലിക്കാര്‍ക്കും വ്യാഴാഴ്‌ച പ്രവൃത്തിദിനമാണ്. അത് കൊണ്ട് തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്‌ത് പോകാന്‍ താത്പര്യപ്പെടുന്നു. വാരാന്ത്യമാകാന്‍ പിന്നെയും ദിവസങ്ങളുള്ളതിനാലും ആരുടെയും ആരാധനയ്ക്കും മറ്റും തടസമുണ്ടാക്കാത്തതിനാലും ഈ ദിനം തന്നെ വോട്ടെടുപ്പിനായി നീക്കി വച്ചിരിക്കുന്നു.
വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ പല മതവിഭാഗങ്ങളുടെയും ആരാധനാ ദിവസമാണ്. ആഴ്‌ച തുടങ്ങുന്നതും അവസാനിക്കുന്നതുമല്ലാത്ത ദിവസം ആയത് കൊണ്ട് തന്നെ ആരും അവധിയാഘോഷത്തിന് പോകാന്‍ സാധ്യതയില്ല. അത് കൊണ്ട് തന്നെ കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തിച്ചേരാം.
2022 ഒക്‌ടോബര്‍ മുതല്‍ അധികാരത്തിലുള്ള ഇന്ത്യന്‍ വംശജന്‍ ഋഷി സുനകാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2025 ജനുവരി വരെ കാലാവധി ശേഷിക്കെയാണ് നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ സുനക് നിശ്ചയിച്ചത്. പാര്‍ലമെന്‍റ് പിരിച്ച് വിടാന്‍ രാജാവ് അനുമതി നല്‍കിയിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. സുരക്ഷയും സമ്പദ്ഘടനയും പരിഗണിച്ചാണ് ഇത്തരമൊരു നീക്കം. ശീതയുദ്ധ കാലത്തേക്കാള്‍ മോശം അവസ്ഥയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ഈ സാഹചര്യത്തിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യാക്കാരുടെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും ഋഷി സുനക് പറയുന്നു.
19 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാര്‍ ബ്രിട്ടനിലുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആകെ ജനസംഖ്യയുടെ 3.1ശതമാനം വരുമിത്. ഇന്ത്യന്‍ പ്രവാസികളും ഇന്ത്യന്‍ വംശജരുമടക്കമുള്ള കണക്കാണിത്. വിദ്യാഭ്യാസം, തൊഴില്‍ മികവ്, സാമ്പത്തിക നേട്ടങ്ങള്‍ എന്നീരംഗങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന സമൂഹമാണ് ബ്രിട്ടിണിലെ ഇന്ത്യാക്കാര്‍.
ഇന്ത്യന്‍ വോട്ടുകള്‍ നേടാന്‍ കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ മുന്‍ സ്ഥാനപതി അശോക് സജ്ജന്‍ഹാര്‍ ചൂണ്ടിക്കാട്ടുന്നു. പതിനാല് വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനെതിരെ ഒരു വികാരം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ട്.
Also Read: ബ്രിട്ടന്‍ പോളിങ് ബൂത്തിലേക്ക്, ഋഷി സുനകിന്‍റെ ഭാവി തുലാസില്‍