വാഷിങ്ടൺ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണത്തിന് യുക്രൈൻ സർക്കാരിന് പങ്കില്ലെന്ന് അമേരിക്ക. ആക്രമണം നടത്തിയത് യുക്രൈൻ ആണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ല. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ് ആണെന്ന കാര്യം റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിൻ മനസിലാക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.
മോസ്കോയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യൻ പ്രസിഡൻ്റ് പുടിൻ ആരോപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ഈ ആക്രമണവുമായി യുക്രൈൻ സർക്കാരിന് എന്തെങ്കിലും ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ല. ഈ ആക്രമണത്തിൽ പരിക്കേറ്റവർക്കും, പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. കൂടാതെ, ഐഎസ് 'പൊതു ഭീകര ശത്രു' ആണെന്നും എല്ലായിടത്തും അതിനെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
മോസ്‌കോയിൽ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. തോക്കുമായി ഇരച്ചു കയറിയ ഭീകരർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ 137 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനൊന്ന് പേരെ പിടികൂടിയെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അറിയിച്ചു. ആക്രമണം നടന്നത് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ്. റഷ്യയിൽ ഇത്രയും വലിയ ഭീകരാക്രമണമുണ്ടായത് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്. യുക്രൈനിലേക്കുള്ള അധിനിവേശം മൂന്നാം വർഷത്തിലേക്ക് അടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.
Also Read : റഷ്യൻ ഭീകരാക്രമണം: പ്രതികളെ കോടതിയില്‍ ഹാജരാക്കി, മരണ സംഖ്യ ഉയര്‍ന്നു - RUSSIA CONCERT HALL ATTACK