റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 47 ആമത് അമേരിക്കൻ പ്രസിഡന്‍റ് ആയി വിജയമുറപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഒരു തവണ തോൽവി അറിഞ്ഞ ശേഷം, തുടർച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രെസിഡന്‍റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിലെത്തുന്നത്.
അമേരിക്കയുടെ 22 ആമത്തെയും 24 ആമത്തെയും പ്രസിഡന്‍റ് ആയെത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഗ്രോവെർ ക്ലീവലാന്‍റ് ആണ് ഇത്തരത്തിൽ തുടർച്ചയായല്ലാതെ അധികാരത്തിലെത്തിയ ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്. 1885 ൽ പ്രസിഡന്‍റായ ഗ്രോവെർ ക്ലീവലാന്‍റ് 1893 ൽ വീണ്ടും അധികാരത്തിലെത്തി.
അമേരിക്കയുടെ ആദ്യ പ്രസിഡന്‍റ് , ഫെഡറലിസ്‌റ്റ് പാർട്ടിയുടെ അനൗദ്യോഗിക സ്ഥാനാർഥിയായിരുന്ന ജോർജ് വാഷിങ്ടൺ ഉൾപ്പെടെ 16 പേരാണ് തുടർച്ചയായി രണ്ടിലധികം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം കണ്ടത്. റിപബ്ലിക്ക് പാർട്ടി സ്ഥാപകനായ തോമസ് ജെഫേഴ്‌സൺ ആണ് തുടർച്ചയായി വീണ്ടും അധികാരത്തിൽ വന്ന രണ്ടാമത്തെ പ്രസിഡന്‍റ് .
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നീട് റിപബ്ലിക്ക് സ്ഥാനാർഥികളായ ജെയിംസ് മാഡിസൺ, ജെയിംസ് മൺറോ, ആൻഡ്രൂ ജാക്‌സൺ, എബ്രഹാം ലിങ്കൺ തുടങ്ങിയവരും രണ്ട് തവണ തുടർച്ചയായി പ്രസിഡന്‍റ് പദവിയിലെത്തി. വില്യം മക്കിൻലിക്കും വുഡ്രൊ വിൽസണും ശേഷം എത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് തുടർച്ചയായി അധികാരത്തിലിരുന്നത് 20 വർഷമാണ്.
4 തവണ അധികാരത്തിലെത്തിയ ഒരേ ഒരു അമേരിക്കൻ പ്രസിഡന്‍റും റൂസ്‌വെൽറ്റ് ആണ്. പിന്നീട് ഡ്വൈറ്റ് ഐസനോവർ, റിച്ചാർഡ് എം നിക്‌സൺ, റൊണാൾഡ് റീഗൻ എന്നീ റിപബ്ലിക്കൻ പ്രതിനിധികൾ തുടർച്ചയായി അധികാരത്തിലേറി. വില്യം ജെ ക്ലിന്‍റൺ ശേഷം റിപബ്ലിക്കൻ പ്രതിനിധി ജോർജ് ബുഷും, ഡെമോക്രാറ്റിക് പ്രതിനിധി ബരാക്ക് ഒബാമയുമാണ് ഇത്തരത്തിൽ രണ്ട് തവണ വൈറ്റ് ഹൗസിൽ എത്തിയവർ.
2017 ൽ പടിയിറങ്ങിയ ഒബാമക്ക് ശേഷം രണ്ടാമതും വൈറ്റ് ഹൗസിലെത്തുന്ന പ്രസിഡന്‍റ് ആയി ട്രംപ് എത്തുമ്പോൾ, അത് അമേരിക്കയുടെ സുവർണ കാലഘട്ടമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.