വാഷിങ്ടൺ: യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന് ഡൊണാൾഡ് ട്രംപ്. നിലവിലെ വോട്ടിംഗ് പാറ്റേണിൽ നിരാശ പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റുകൾ വോട്ടർ ഐഡിയെ എതിർക്കുന്നത് അവർക്ക് തട്ടിപ്പ് നടത്താൻ ആണെന്ന് ആരോപിച്ചു.
'എന്തുകൊണ്ടാണ് നമുക്ക് വോട്ടർ ഐഡി ഇല്ലാത്തതെന്ന് എനിക്കറിയില്ല. യഥാർത്ഥ ഡെമോക്രാറ്റുകൾ വോട്ടർ ഐഡി പോലുള്ളവ ലഭിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് ചിലർ തട്ടിപ്പ് നടത്തുന്നതിനുള്ള ആയുധമായിട്ടാണ് ഉപയോഗിക്കുന്നത്. എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നു. ഞാൻ മാത്രമാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്', ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പഴയ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 'കാലിഫോർണിയയിൽ, നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ പോലും ആരോടും അവരുടെ വോട്ടർ ഐഡി ചോദിക്കാൻ അനുവാദമില്ല എന്ന ബില്ലിൽ അവർ ഒപ്പുവച്ചു. അങ്ങനെ ചെയ്‌താൽ അത് ക്രിമിനൽ പ്രവർത്തി ആവുമെന്നും ഇവർ പറഞ്ഞു. ഇത് തട്ടിപ്പ് നടത്താനുള്ള പഴുതുകളുണ്ടാക്കാനാണെന്നും' ട്രംപ് ആരോപിച്ചു.
തന്‍റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. 'കമല തികച്ചും അഴിമതിക്കാരിയാണ്. താൻ കമല ഹാരിസ് എന്ന വ്യക്തിക്കെതിരെയല്ല, ഡെമോക്രാറ്റിക് പാർട്ടി എന്ന അഴിമതി യന്ത്രത്തിനെതിരെയാണ് മത്സരിക്കുന്നത്. തികച്ചും അഴിമതി നിറഞ്ഞ പാർട്ടിയാണ് ഡെമോക്രാറ്റിക് പാർട്ടി എന്നും ട്രംപ് പറഞ്ഞു.
Also Read:ആരാകും അടുത്ത അമേരിക്കൻ പ്രസിഡന്‍റ്? നെഞ്ചിടിപ്പ് കൂട്ടി അവസാന നിമിഷത്തെ സര്‍വേ ഫലം പുറത്ത്