വാഷിങ്ടണ്‍: ന്യൂയോർക്ക് ടൈംസ് നടത്തിയ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ദേശീയ വോട്ടെടുപ്പ് സർവേയിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസിനും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഒപ്പത്തിനൊപ്പം പിന്തുണ. തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ നടത്തിയ സർവേയിലാണ് ജനകീയ വോട്ടിൽ 48 ശതമാനം നേടി ഇരുവരും സമാസമം എത്തിയത്.
ഒക്‌ടോബർ ആദ്യം നടന്ന ടൈംസ്/സിയാന കോളജ് വോട്ടെടുപ്പിൽ കമലാ ഹാരിസിന് ഡൊണാൾഡ് ട്രംപിനേക്കാൾ ലീഡ് ഉണ്ടായിരുന്നു. ട്രംപ് 46 ശതമാനം നേടിയപ്പോള്‍ 49 ശതമാനം വോട്ട് ഹാരിസ് നേടി. ഇതിന് ശേഷം കമലാ ഹാരിസിൻ്റെ സ്ഥാനം വോട്ടർമാരിൽ ഇടിഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം പെൻസിൽവാനിയ, മിഷിഗൺ, വിസ്‌കോൺസിൻ തുടങ്ങിയ നിർണായക സ്വിംഗ് സംസ്ഥാനങ്ങളിൽ ഹാരിസ് മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നതിൻ്റെ സൂചനകളും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് നൽകുന്നുണ്ട്. സമീപകാല തെരഞ്ഞെടുപ്പുകളിൽ, ഡെമോക്രാറ്റുകൾക്ക് ജനകീയ വോട്ടിൽ മുൻതൂക്കമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശക്തമായ പ്രചാരണമായിരുന്നു ഇരു സ്ഥാനാർത്ഥികളും കഴിഞ്ഞ മൂന്ന് മാസങ്ങളായി നടത്തിയിരുന്നത്. ചൂടേറിയ നിരവധി തെരഞ്ഞെടുപ്പ് സംവാദങ്ങൾക്കും അമേരിക്ക വേദിയായി. രണ്ട് നേതാക്കളും നിരവധി റാലികള്‍ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്‌തു. ബൈഡനെ മാറ്റിയായിരുന്നു കമല ഹാരിസിന്‍റെ സ്ഥാനാർഥിത്വം. ഇതിനിടെ ട്രംപിനെതിരെ രണ്ട് വധശ്രമങ്ങളും നടന്നു.
നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്‌കോൺസിൻ, അരിസോണ, ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങൾ ആണ് അന്തിമ ഫലം നിർണയിക്കുക. എന്തായാലും അമേരിക്കൻ തെരഞ്ഞെടുപ്പ് ഇത്തവണ കടുക്കുമെന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ.
നവംബർ 5 നാണ് യു എസ് തെരഞ്ഞെടുപ്പ്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്‍റെ രണ്ടാം അവസരത്തിന് വേണ്ടി ഇറങ്ങുമ്പോൾ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ് സ്ഥാനം ഉറപ്പിക്കാനാണ് കമല ഹാരിസിന്‍റെ ഒരുക്കം. യുഎസിലുടനീളം ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വോട്ട് ചെയ്‌തു കഴിഞ്ഞു.