യുഎന്‍ : ഇന്ത്യ അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ രാജ്യങ്ങളിലും ജനങ്ങളുടെ രാഷ്‌ട്രീയ, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് യുഎന്‍. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തുാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടെ വോട്ടര്‍മാര്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്താനാകണം. രാജ്യത്ത് നീതിയുക്തമായ തെരഞ്ഞെടുപ്പാണ് നടപ്പാക്കേണ്ടതെന്നും യുഎന്‍ പ്രതിനിധി സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെയും കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു ഡുജാറിക്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെയും കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയേയും കുറിച്ച് യുഎസ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് യുഎന്നിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച അമേരിക്കയോട് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് ആക്‌ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെയാണ് ഇതിനായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
വിഷയത്തില്‍ അമേരിക്കയുടെ പരാമര്‍ശം അനാവശ്യമാണെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞു. 30 മിനിറ്റോളമാണ് കൂടിക്കാഴ്‌ച നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കേസില്‍ തങ്ങള്‍ക്ക് പരസ്യമായും രഹസ്യമായും ഒറ്റ പ്രതികരണം തന്നെയാണുള്ളതെന്നും ആരും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ വീണ്ടും തങ്ങള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അമേരിക്ക അറിയിച്ചു. ഇതിന് ശേഷമാണ് യുഎന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ഇന്ത്യ : ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും തികച്ചും അസ്വീകാര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയിലെ നിയമ നടപടികളെല്ലാം കൃത്യമായ നിയമ വാഴ്‌ചയിലൂടെ മാത്രമെ സാധ്യമാകൂവെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയിലെ നിയമ നടപടികളുമായി ബന്ധപ്പെട്ടുള്ള യുഎസ് വക്താവിന്‍റെ പരാമര്‍ശത്തെയും ശക്തമായി എതിര്‍ക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
വസ്‌തു നിഷ്‌ഠവും സമയബന്ധിതവുമാണ് ഇന്ത്യയിലെ നിയമ നടപടികള്‍. അക്കാര്യത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് ന്യായമല്ലെന്നും എംഇഎ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.