വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രസിഡൻഷ്യൽ കാമ്പയിൻ. തന്ത്രപ്രധാനമായ പല രേഖകളും മോഷ്‌ടിക്കപ്പെടുന്നതായും പിന്നില്‍ ഇറാന്‍ ആണെന്നും പ്രസിഡൻഷ്യൽ കാമ്പയിൻ ആരോപിച്ചു. അതേസമയം ഇറാന്‍റെ സാന്നിധ്യമുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും കാമ്പയിന്‍ നൽകിയിട്ടില്ല.
2024- ലെ യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദേശ ഏജന്‍റുമാര്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ട് മൈക്രോസോഫ്റ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍റെ ആരോപണം ഉയര്‍ന്നത്. അമേരിക്കയിലെ മുതിർന്ന മുന്‍ ഉപദേഷ്‌ടാവിന്‍റെ ഇമെയിൽ അപഹരിച്ച് പ്രസിഡൻഷ്യൽ കാമ്പയിനിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് ജൂണിൽ ഇറാനിയൻ മിലിട്ടറി ഇന്‍റലിജൻസ് യൂണിറ്റ് ഒരു സ്‌പിയർ-ഫിഷിങ് ഇമെയിൽ അയച്ച സംഭവവും പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ വിശദീകരിച്ചു.
അമേരിക്കയോട് ശത്രുതയുള്ള വിദേശ സ്രോതസുകളാണ് ഇ-മെയില്‍ ഹാക്ക് ചെയ്‌തതെന്ന് ട്രംപ് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ്ങും പ്രതികരിച്ചു. അനുചിതമായ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ഏത് റിപ്പോർട്ടും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. യുഎസ് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കാൻ ശ്രമിക്കുന്ന ഏത് സർക്കാരിനെയും സ്ഥാപനത്തെയും അപലപിക്കുന്നതായി ദേശീയ സുരക്ഷ കൗൺസിലിന്‍റെ വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.
എന്നാല്‍, ഐക്യരാഷ്‌ട്രസഭയിലെ ഇറാൻ ഔദ്യോഗിക വിഭാഗം ട്രംപിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. അത്തരം റിപ്പോർട്ടുകൾക്ക് തങ്ങൾ യാതൊരു വിശ്വാസ്യതയും നൽകുന്നില്ലെന്ന് ഇറാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ഇറാനിയൻ ഗവൺമെന്‍റിന് യാതൊരു ഉദ്ദേശവും ഇല്ലെന്നും ഇറാന്‍ വ്യക്തമാക്കി.