സോള്‍ (ദക്ഷിണ കൊറിയ) : സുപ്രീം കോടതിയുടെ സുപ്രധാന വിധിയില്‍ സന്തോഷിക്കുകയാണ് ദക്ഷിണ കൊറിയയിലെ സ്വവർഗ പങ്കാളികൾ. സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സ്വവർഗാനുരാഗ പങ്കാളികൾക്ക് കൂടി നല്‍കണമെന്നാണ് കോടതി വിധി. പുതിയ പ്രഖ്യാപനം കൊറിയയിലെ ആക്‌ടിവിസ്റ്റുകള്‍ ആഹ്ലാദത്തോടെ സ്വാഗതം ചെയ്‌തു.
ഒരേ ലിംഗത്തിലുള്ള പങ്കാളികൾക്ക് അവരുടെ ആരോഗ്യ ഇൻഷുറൻസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകും. ഇവരെ ഒഴിവാക്കുന്നത് വിവേചനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹങ്ങളെ നിയമപരമായി അംഗീകരിക്കാത്ത രാജ്യമാണ് ദക്ഷിണ കൊറിയ.
2019ൽ ഒരുമിച്ചു താമസിക്കുകയും വിവാഹ ചടങ്ങ് നടത്തുകയും ചെയ്‌ത സ്വവർഗാനുരാഗികളായ സോ സിയോങ്-വുക്കും കിം യോങ്-മിനും ചേർന്നാണ് സുപ്രധാന കേസ് കൊണ്ടുവന്നത്. 2021ൽ സോ സിയോങ്-വുക്ക് നാഷണൽ ഹെൽത്ത് ഇൻഷുറൻസ് സർവീസിനെതിരെ (എൻഎച്ച്ഐഎസ്) ഒരു കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാല്‍ 2023ല്‍ സിയോൾ ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഒരു വിധി ദമ്പതികള്‍ക്കൊപ്പമായിരുന്നു. ആശ്രിത ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ എൻഎച്ച്‌ഐഎസിനെ നിർദേശിക്കുകയും പ്രശ്‌നം സുപ്രീം കോടതിയിലേക്ക് എത്തുകയുമായിരുന്നു.
സുപ്രീം കോടതി വിധി ദക്ഷിണ കൊറിയയിലെ കമ്മ്യൂണിറ്റിക്ക് ഉണര്‍വ് നല്‍കുന്നു. വിധികേട്ട ശേഷം കോടതിമുറിയിൽ നിന്ന് ആളുകൾ പുറത്തുവന്ന് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. മഴവില്‍കുടകള്‍ ഉയര്‍ത്തിയായിരുന്നു ആഹ്ലാദപ്രകടനം.
കൊറിയയില്‍ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും സ്വവർഗാനുരാഗം കുറ്റകരമല്ല. ദക്ഷിണ കൊറിയയിലെ സമത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള ചരിത്രവിജയമെന്നാണ് ആംനസ്റ്റി ഇന്‍റനാഷണൽ വിധിയെ വാഴ്ത്തിയത്.