ജമ്മു: ജമ്മു കശ്‌മീരിലെ ഗിദ്രി വനമേഖലയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് പരിക്ക്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ന് രാവിലെ 11 മണിയോടെയാണ് കെഷ്‌വാൻ വനമേഖലയില്‍ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സൈന്യത്തിന്‍റെയും ജമ്മു കശ്‌മീർ പൊലീസിന്‍റെയും സംയുക്ത തെരച്ചിലിനിടെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. വനത്തില്‍ നാലോളം തീവ്രവാദികളുണ്ടെന്നാണ് കിഷ്‌ത്വാര്‍ പൊലീസ് അറിയിക്കുന്നത്. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടർന്നാണ് വ്യാഴാഴ്‌ച വൈകുന്നേരത്തോടെ കുന്ത്വാര, കെഷ്‌വാൻ വനങ്ങളിൽ വൻ തെരച്ചിൽ ആരംഭിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെനാബ് നദിക്ക് കുറുകെ കിഷ്ത്വാർ പട്ടണത്തിന് എതിർവശത്തുള്ള ഒരു പർവതത്തിന് മുകളിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്‌മീരിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ ശ്രീനഗറിലെ ഇഷ്ബാർ പ്രദേശത്തിനടുത്തുള്ള സബർവാൻ വനമേഖലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പ് ആരംഭിച്ചിരുന്നു, ഈ പ്രദേശത്ത് രണ്ടോ മൂന്നോ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.