കണ്ണൂർ: പണ്ട് പണ്ട് പണ്ട് 75 വർഷം മുൻപിലുള്ള തലശ്ശേരിയിലെ കഥയാണ്. മുക്കാൽ നൂറ്റാണ്ട് മുൻപ് തലശ്ശേരി നഗരസഭ മനുഷ്യ വിസർജ്യവും മാലിന്യവും, വളമാക്കി വിൽപന നടത്തി എന്നത് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അങ്ങനെയുണ്ടായിരുന്നു. അതും വില വിവരം പ്രദർശിപ്പിച്ചു കൊണ്ട്. ഇക്കാര്യം വിശ്വസിച്ചേ മതിയാകൂ, അതാണ് രേഖകൾ തെളിയിക്കുന്നത്.
തലശ്ശേരി നഗരസഭ പരിധിയിലെ വീടുകളിൽ അക്കാലത്ത് ഇന്നു കാണുന്ന രീതിയിലുള്ള ശൗചാലയം ഇല്ലായിരുന്നു. അതിനാൽ വീടുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം തൊഴിലാളികൾ ശേഖരിച്ചു കൊണ്ടുപോകുകയായിരുന്നു പതിവ്. ഇതാണ് പിന്നീട് ഉണക്കിപ്പൊടിച്ച് വിൽപനക്ക് വച്ചത്. 1948 ൽ നഗരസഭ പുറത്തിറക്കിയ സ്‌മരണികയിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
'കാട്ടവും മലവും കൊണ്ട് ഉണ്ടാക്കപ്പെട്ട കമ്പോസ്‌റ്റ് വളം പൊടിയായിട്ടുള്ളതും യാതൊരു വാസന ഇല്ലാത്തതും ആകുന്നു. ഇത് വളരെ ഗുണമുള്ളതുമായ വളവും വിലകുറവും ഉള്ളതാകുന്നു. ഒരു ടണ്ണിന് പത്തണ പ്രകാരം എല്ലാകാലത്തും വിൽക്കപ്പെടുന്നതാണ്. അധിക വിവരങ്ങൾക്ക് തലശ്ശേരി മുൻസിപ്പൽ ആപ്പീസിൽ അന്വേഷിക്കുക.' ഇങ്ങനെയായിരുന്നു കമ്പോസ്‌റ്റ് വളം എന്ന തലക്കെട്ടോട് കൂടിയുള്ള അറിയിപ്പ്.
ഇതിന്‍റെ ഇംഗ്ലീഷ് രൂപത്തിന് താഴെയായിട്ടായിരുന്നു മലയാളത്തിലെ ഈ അറിയിപ്പ്. മാലിന്യ നിർമാർജ്ജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ 75 വർഷം മുമ്പ് നഗരസഭ മാതൃകാപരമായി ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു എന്നാണ് ഇതിൽ നിന്നും തെളിയുന്നത്.
മദ്രാസ് മുഖ്യമന്ത്രിയുടെ അഭിനന്ദനം
മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഡി, തലശ്ശേരി നഗരസഭയെ അഭിനന്ദിച്ച് 1948 ജൂൺ 26 ന് നഗരസഭയുടെ പൊതു ശുചിത്വ നിലവാരത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. മറ്റ് നഗരസഭകളിൽ എവിടെയും ഈ നിലവാരമുള്ള നഗരസഭ കാണാനാകില്ലെന്നും അത് മാതൃകയാക്കണം എന്ന് കത്തിൽ പരാമർശിച്ചിരുന്നു.
മലബാറിലെ ആദ്യ നഗരസഭകളിൽ ഒന്നായ തലശ്ശേരി നഗരസഭ 1866 ലാണ് നിലവിൽ വരുന്നത്. മുൻസിപ്പൽ കമ്മിഷൻ എന്നായിരുന്നു പേര്. 1885 ൽ മുൻസിപ്പൽ കൗൺസിൽ ആയി മാറി. ബ്രിട്ടീഷ് ഭരണകാലത്തും മദ്രാസ് പ്രസിഡൻസിയുടെയും സ്വാതന്ത്ര്യത്തിനു ശേഷം കേരള സംസ്ഥാനം രൂപം കൊള്ളുന്നത് വരെ മദ്രാസ് സംസ്ഥാനത്തിന്‍റെയും ഭാഗമായിരുന്നു തലശ്ശേരി. നഗരസഭയുടെ പൊതുശൗചാലയം നിലവാരത്തെ അഭിനന്ദിച്ചായിരുന്നു കത്ത്.
Also Read:ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; 3 തവണ സ്‌ഫോടനം, രണ്ട് പേര്‍ക്ക് പരിക്ക്