ധാക്ക: തന്‍റെ അമ്മ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്. കഠിനാധ്വാനം ചെയ്‌തിട്ടും ഒരു ന്യൂനപക്ഷം തനിക്കെതിരെ തിരിഞ്ഞതിൽ അമ്മ വളരെ നിരാശയിലായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉപദേശകൻ കൂടെയായിരുന്ന സജീബ് വാസെദ് ജോയ് പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷം ബിബിസിയുടെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാജിവക്കുന്ന കാര്യം അമ്മ ഇന്നലെ മുതൽ ആലോചിച്ചിരുന്നുവെന്നും കുടുംബത്തിന്‍റെ നിർബന്ധത്തെത്തുടർന്നാണ് സുരക്ഷയ്ക്കായി രാജ്യം വിട്ടതെന്നും സജീബ് വാസെദ് ജോയ് പറഞ്ഞു. അധികാരത്തിലേറിയ ഷെയ്ഖ് ഹസീന ബംഗ്ലാദേശിനെ മാറ്റിമറിച്ചു.
തന്‍റെ അമ്മ ചുമതലയേറ്റ സമയത്ത് ബംഗ്ലാദേശ് ഒരു ദരിദ്ര രാജ്യമായിരുന്നു. എന്നാൽ ഇന്ന് ബംഗ്ലാദേശ്, ഏഷ്യയിലെ തന്നെ വളർന്നു വരുന്ന രാജ്യങ്ങളിലൊന്നാണ്. എന്നിട്ടും തനിക്കെതിരെ ഈ രാജ്യത്തെ ജനങ്ങൾ തിരിഞ്ഞതിൽ അവർ വലിയ നിരാശയിലാണ്"- സജീബ് വാസെദിന്‍റെ വാക്കുകൾ ഇങ്ങനെ.
Also Read: ഷെയ്ഖ് ഹസീന ഗാസിയാബാദ് വ്യോമത്താവളത്തിലിറങ്ങി: ലണ്ടനിലേക്ക് പോകുമെന്ന് സൂചന