മോസ്‌കോ: സംഗീത നിശ നടന്ന ഹാളിനുള്ളിൽ കടന്ന് അക്രമികള്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പതിനൊന്ന് പേര്‍ പിടിയിലായി. റഷ്യയുടെ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് തലവന്‍ കൂടിയായ പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിന്‍ അറിയിച്ചതാണ് ഇക്കാര്യം. ആക്രമണത്തില്‍ 115 പേരാണ് കൊല്ലപ്പെട്ടത് (Russia Detains Suspects After A Moscow Concert Hall Attack).
മോസ്‌കോയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണം നടന്നത്. ആറായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാനാകുന്ന ഷോപ്പിങ് മാളും സംഗീത സഭയുമാണ് ക്രോക്കസ് സിറ്റി മാള്‍. ഇപ്പോഴും സ്ഥലത്ത് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആക്രമണം അരങ്ങേറിയത്. പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിന്‍ വീണ്ടും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആക്രമണം അരങ്ങേറിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് അടുത്തിടെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും ശ്രദ്ധേയമാണ്.
തൊട്ടടുത്ത് നിന്നാണ് അക്രമികള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഖ്യാത റഷ്യന്‍ റോക്ക് ബാന്‍ഡായ പിക്‌നികിന്‍റെ പരിപാടി ആസ്വദിക്കാന്‍ വന്‍ തോതില്‍ ജനം തിങ്ങിനിറഞ്ഞിരുന്നു. ആക്രമണത്തിനിടെയുണ്ടായ തീയണയ്ക്കാന്‍ തന്നെ അഗ്നിശമന സേനയ്ക്ക് മണിക്കൂറുകളോളം വേണ്ടി വന്നു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. അതേസമയം റഷ്യ ഔദ്യോഗികമായി ഇതുവരെ ആരുടെയും മേല്‍ കുറ്റം ചുമത്തിയിട്ടില്ല.
അഫ്‌ഗാനിസ്ഥാനിലെ ഐഎസ് അനുഭാവമുള്ള വാര്‍ത്താ ഏജന്‍സിയായ അര്‍മാഖിന്‍റെ പോസ്‌റ്റില്‍ തങ്ങള്‍ റഷ്യയില്‍ ഒരു ക്രൈസ്‌തവ കൂട്ടായ്‌മയ്ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെടുന്നു. എന്നാല്‍ ഈ പോസ്‌റ്റിന്‍റെ വിശ്വസ്യത വ്യക്തമായിട്ടില്ല.
എന്നാല്‍ ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചതായി അമേരിക്കന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി. പതിനഞ്ച് പേരാണ് ആക്രമണം നടത്തിയതെന്നും അമേരിക്ക പറയുന്നു. മോസ്‌കോയില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നതായി അമേരിക്ക വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ റഷ്യന്‍ അധികൃതര്‍ക്ക് തങ്ങള്‍ കൈമാറിയിരുന്നതായും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്ക് ലോകമെമ്പാടും നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ആശുപത്രിക്ക് മുന്നില്‍ രക്തം അടക്കം ദാനം ചെയ്യാൻ ആളുകളുടെ നീണ്ട നിര ദൃശ്യമാണ്.
പാശ്ചാത്യ രാജ്യങ്ങളുടെ ഭീകരാക്രമണ മുന്നറിയിപ്പിനെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിന്‍ പരസ്യമായി തള്ളിയിരുന്നു. റഷ്യന്‍ ജനതയെ ഭയപ്പെടുത്താനും പരസ്യമായി ബ്ലാക്‌മെയില്‍ ചെയ്യാനും നമ്മുടെ സമൂഹത്തെ അസ്ഥിരപ്പെടുത്താനുമുള്ള പാശ്ചാത്യ ശക്തികളുടെ നീക്കം എന്നായിരുന്നു പുട്ടിന്‍റെ പ്രതികരണം.
2015 ഒക്‌ടോബറില്‍ ഐഎസ് റഷ്യയുടെ യാത്രാവിമാനം ബോംബ് വച്ച് തകര്‍ത്തിരുന്നു. സിനായ്ക്ക് മുകളില്‍ തകര്‍ന്ന് വീണ വിമാനത്തിലുണ്ടായിരുന്ന 224 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടമായത്. ഈജിപ്‌തില്‍ അവധിയാഘോഷിക്കാന്‍ പോയി മടങ്ങിവരികയായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറെയും.
സിറിയയിലും ഇറാഖിലും ആണ് പ്രധാനമായും ഐഎസിന്‍റെ പ്രവര്‍ത്തന മേഖല. എന്നാല്‍ അഫ്‌ഗാനിസ്ഥാനിലും ആഫ്രിക്കയിലും ഇവരുടെ സാന്നിധ്യമുണ്ട്. റഷ്യയില്‍ നിരവധി ആക്രമണങ്ങളാണ് ഐഎസ് നടത്തിയിട്ടുള്ളത്. റഷ്യയില്‍ നിന്ന് മുന്‍ സോവിയറ്റ് യൂണിയന്‍റെ പല ഭാഗങ്ങളില്‍ നിന്ന് ഇവര്‍ ആളുകളെ തങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കുന്നുണ്ട്.