ടെക്‌സാസ് : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആക്രമണത്തിൽ ടെക്‌സാസ് മെഡിക്കൽ സെൻ്ററിന് മുന്നിൽ പ്രതിഷേധിച്ച് യു എസിലെ ഇന്ത്യൻ ഡോക്‌ടർമാർ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടക്കുന്ന ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരെയായിരുന്നു പ്രതിഷേധം.
ഇന്ത്യയിൽ മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ധാരാളം ഫിസിഷ്യന്മാർ താമസിക്കുന്നത് ഹൂസ്റ്റണിലും ടെക്‌സാസ് മെഡിക്കൽ സെൻ്ററിലുമാണ്. വെളളിയാഴ്‌ച (ഓഗസ്റ്റ് 23 ) ആണ് യുഎസിലെ ഇന്ത്യൻ ഡോക്‌ടർമാർ പ്രതിഷേധിച്ചത്. മെഡിക്കൽ രംഗത്തുളള ഓരോ അംഗത്തിൻ്റെയും നീതിക്കും സംരക്ഷണത്തിനും വേണ്ടിയുളള മുദ്രാവാക്യം ഉയർത്തിയായിരുന്നു അവർ അണിനിരന്നത്.
വിവിധ ആശുപത്രികളിൽ നിന്നുളള ഡോക്‌ടർമാർ, ആരോഗ്യപരിപാലന വിദഗ്‌ധർ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരാണ് ടെക്‌സാസ് മെഡിക്കൽ സെൻ്ററിന് മുന്നിൽ ഒത്തുകൂടിയത്. ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾക്കെതിരയും അവർക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം.