മോസ്കോ : 22-ാമത് ഇന്ത്യ - റഷ്യ ഉച്ചകോടി ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 8, 9 തീയതികളിൽ മോസ്‌കോ സന്ദർശിക്കും. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിന് ശേഷം മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്യുകയും പരസ്‌പര താൽപ്പര്യമുള്ള സമകാലിക പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്‌ചപ്പാടുകൾ കൈമാറുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്‌ച (ജൂലൈ 4) ന്യൂഡൽഹിയിൽ അറിയിച്ചു.
മോസ്കോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി വിപുലമായിരിക്കുമെന്നും ഇരു നേതാക്കളും അനൗപചാരിക ചർച്ചകൾ നടത്തുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ശനിയാഴ്‌ച (ജൂലൈ 6) റഷ്യന്‍ സർക്കാർ നടത്തുന്ന വിജിടിആർകെ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനമാണ് നടക്കുന്നത്. എങ്കിൽ കൂടിയും ഇരുനേതാക്കൾക്കുമിടയിൽ അനൗപചാരിക വിഷയങ്ങളിലും ചർച്ച നടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വളരെയധികം പ്രാധാന്യത്തോടെയാണ് ഈ സന്ദർശനത്തെ വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് ഉയരാൻ ഈ സന്ദർശനം സഹായിക്കും.' അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾ സൂക്ഷ്‌മമായി വീക്ഷിക്കുന്നുണ്ടെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.
2022-ൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം മുതൽ, ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ച യുദ്ധം അവസാനിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ് കൊണ്ട് നരേന്ദ്ര മോദി പുടിനുമായും യുക്രേനിയൻ പ്രസിഡൻ്റ് വ്‌ലാഡിമർ സെലെൻസ്‌കിയുമായും നിരവധി ടെലിഫോണ്‍ സംഭാഷണങ്ങൾ നടത്തിയിരുന്നു. റഷ്യയുമായുള്ള ശക്തമായ സൗഹൃദത്തിന്‍റെ പ്രതിഫലനമായി, മോസ്‌കോയുടെ യുക്രെയ്ൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല.
Also Read: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി: മോദി റഷ്യയിലേക്ക്, പ്രതീക്ഷയോടെ ക്രെംലിന്‍