ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജനങ്ങളുടെ ദുരവസ്ഥ വിശദീകരിച്ച് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗവും മുത്താഹിദ ക്വാമി മൂവ്‌മെന്‍റ് പാകിസ്ഥാൻ (എംക്യുഎം-പി) നേതാവുമായ സയ്യിദ് മുസ്‌തഫ കമാൽ. ഇന്ത്യയുടെ നേട്ടങ്ങളും അതേസമയം കറാച്ചിയിലെ ദുരിത സാഹചര്യവും എടുത്ത് പറഞ്ഞായിരുന്നു മുസ്‌തഫ കമാലിന്‍റെ പരാമര്‍ശം. ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ കറാച്ചിയില്‍ കുട്ടികള്‍ റോഡിലെ ഘട്ടറില്‍ വീണ് മരിക്കുന്നതാണ് വാർത്തയാകുന്നതെന്ന് മുസ്‌തഫ കമാല്‍ പാർലമെന്‍റിനെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
'ലോകം ചന്ദ്രനിലേക്ക് പോകുമ്പോൾ, കറാച്ചിയിൽ കുട്ടികൾ ഗട്ടറിൽ വീണ് മരിക്കുന്നു. അതേ സ്ക്രീനിൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയെന്ന വാർത്തയും കാണാം. രണ്ട് സെക്കൻഡ് കഴിഞ്ഞ് കറാച്ചിയിലെ തുറന്ന ഗട്ടറിൽ ഒരു കുട്ടി മരിച്ചു എന്നതാണ് വാർത്ത- മുസ്‌തഫ കമാൽ പറഞ്ഞു.
കറാച്ചിയിലെ ശുദ്ധജല ക്ഷാമവും അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയിൽ 70 ലക്ഷം കുട്ടികളും പാക്കിസ്ഥാനിൽ 2.6 കോടി കുട്ടികളും സ്‌കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയിലാണ് എന്ന റിപ്പോർട്ടും എംക്യുഎം-പി നേതാവ് സഭയില്‍ ഉയര്‍ത്തി.
'കറാച്ചി പാകിസ്ഥാന്‍റെ റവന്യൂ എഞ്ചിനാണ്. പാകിസ്ഥാനിൽ തുടക്കം മുതൽ പ്രവർത്തിക്കുന്ന രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. കറാച്ചി പാകിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള അഫ്ഗാനിസ്ഥാനിലേക്കും ഉള്ള കവാടമാണ്. 15 വർഷമായി കറാച്ചിയിലേക്ക് ഒരു തുള്ളി ശുദ്ധജലം പോലും നല്‍കിയിരുന്നില്ല. കറാച്ചിയിലേക്ക് വന്ന വെള്ളം ടാങ്കർ മാഫിയ പൂഴ്ത്തി കറാച്ചിയിലെ തന്നെ ജനങ്ങൾക്ക് വിറ്റു.'- കമാൽ പറഞ്ഞു.
'നമുക്ക് ആകെ 48,000 സ്‌കൂളുകളുണ്ട്. എന്നാൽ അതിൽ 11,000 സ്‌കൂളുകളും 'ഗോസ്‌റ്റ് സ്‌കൂളുകൾ' ആണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. സിന്ധിലെ 70 ലക്ഷം കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല. രാജ്യത്ത് ആകെ 2,62,00,000 കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല.'- അദ്ദഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയിലും പണപ്പെരുപ്പത്തിലും വലയുന്ന പാകിസ്ഥാൻ നിലവില്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ് തുടരുന്നത്. പ്രതിസന്ധി മറികടക്കാന്‍ ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് പുതിയ വായ്‌പ തേടിയിരിക്കുകയാണ് പാകിസ്ഥാന്‍.
ഈ വിഷയത്തിൽ ചർച്ചകൾ നടത്താൻ ഐഎംഎഫിന്‍റെ ഒരു സംഘം നിലവിൽ പാകിസ്ഥാനിലുണ്ട്. രാജ്യത്തിന്‍റെ ഊർജ മേഖലയുടെ പ്രവർത്തനക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങൾ ഏര്‍പ്പെടുത്താന്‍ സംഘം രാജ്യത്തോട് ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍റെ നികുതി സമ്പ്രദായത്തിലും മാറ്റം കൊണ്ടുവരാന്‍ ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.