ഖൈബർ പഖ്‌തൂൺഖ്വ : പാകിസ്ഥാനിൽ ഖൈബർ പഖ്‌തൂൺഖ്വയിലെ മഴക്കെടുതിയിൽ 13 പേർ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയതായി പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഏപ്രിൽ 29 വരെ രാജ്യത്തുടനീളം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റികൾ (പിഡിഎംഎ), ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ (ഡിഡിഎംഎ) ഉൾപ്പെടെ മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകിയതായി പാക്കിസ്ഥാൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു.
ഷാംഗ്ല, ബുനർ, ബജൗർ, ഖൈബർ, പെഷവാർ തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ ബുധനാഴ്‌ച മുതൽ ഏപ്രിൽ 21വരെ കനത്ത കാറ്റോടു കൂടിയ മഴയ്ക്കും ഇടിമിന്നലിനും മഞ്ഞുവീഴ്‌ചയ്ക്കും സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 12 മുതൽ തുടർച്ചയായി പെയ്യുന്ന മഴ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഖൈബർ പഖ്‌തൂൺഖ്വയിൽ മണ്ണിടിച്ചിലിനും കാരണമായി.
പ്രകൃതി ദുരന്തത്തിൽ 33 കുട്ടികളും 14 പുരുഷന്മാരും 12 സ്ത്രീകളുമാണ് മരിച്ചത്. 72 പേർക്ക് പരിക്കേറ്റു. 2,883 വീടുകളും 68 സ്‌കൂളുകളും തകർന്നു. 309 കന്നുകാലികൾ നഷ്‌ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്നലെ നദികളിലെ നീരൊഴുക്ക് സാധാരണ ഗതിയിലായിരുന്നെന്ന് പിഡിഎംഎ വക്താവ് അൻവർ ഷഹ്‌സാദ് പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലകൾക്ക് അടിയന്തര സഹായമായി 110 ദശലക്ഷം പാക്കിസ്ഥാൻ റുപ്പീയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലനിർത്താൻ ആദിവാസി ജില്ലകൾക്ക് 90 ദശലക്ഷത്തിലധികം റുപ്പീയും അനുവദിച്ചിട്ടുണ്ടെന്ന് പിഡിഎംഎ വക്താവ് കൂട്ടിച്ചേർത്തു.