വാഷിങ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും തായ്‌വാൻ പ്രസിഡന്‍റ് ലായ് ചിങ്-ടെയും തമ്മിൽ ആശംസകൾ കൈമാറിയതിൽ പ്രതിഷേധിച്ച് ചൈന. രണ്ട് വിദേശ നേതാക്കൾ തമ്മിലുള്ള ഇത്തരം അഭിനന്ദന സന്ദേശങ്ങൾ നയതന്ത്ര ബിസിനസിന്‍റെ ഭാഗമാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു.
'ഇത്തരം അഭിനന്ദന സന്ദേശങ്ങൾ നയതന്ത്ര ബിസിനസിൻ്റെ ഭാഗമാണെന്ന് ഞാൻ പറയും' -സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തൻ്റെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തായ്‌വാനുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു എന്ന മോദിയുടെ പരാമർശത്തിൽ ചൈന പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എൻ്റെ ആത്മാർഥമായ അഭിനന്ദനങ്ങൾ. അതിവേഗം വളരുന്ന തായ്‌വാൻ - ഇന്ത്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇൻഡോപസഫിക്കിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന ചെയ്യുന്നതിനായി വ്യാപാരം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിവയിലെ ഞങ്ങളുടെ സഹകരണം വിപുലീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു' -എന്ന് കഴിഞ്ഞ മാസം തായ്‌വാൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ലായ്, എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിൽ പറഞ്ഞു.
ലായ് ചിങ്-ടെയുടെ സന്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. 'നിങ്ങളുടെ സന്ദേശത്തിന് നന്ദി. പരസ്‌പര പ്രയോജനകരമായ സാമ്പത്തിക സാങ്കേതിക പങ്കാളിത്തത്തിനായി നമ്മൾ പ്രവർത്തിക്കുമ്പോൾ അടുത്ത ബന്ധങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു' -എന്ന് ലായുടെ സന്ദേശത്തിന് മറുപടിയായി മോദി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. തായ്‌വാനെ ഒരു വിമത പ്രവിശ്യയായാണ് ചൈന കാണുന്നത്, ബലപ്രയോഗത്തിലൂടെ പ്രധാന ഭൂപ്രദേശവുമായി വീണ്ടും ഏകീകരിക്കണം എന്നതാണ് ചൈനയുടെ ലക്ഷ്യം എന്നും നരേന്ദ്ര മോദി പറഞ്ഞു.
ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം; മോദിയെ അഭിനന്ദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി