ജറുസലേം: ഇസ്രയേൽ വ്യോമക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടതായി ലെബനൻ. 1024 പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 39 പേർ സ്‌ത്രീകളും 21 പേർ കുട്ടികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
'ഇന്ന് രാവിലെ മുതൽ തെക്കൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 274 പേർ മരിച്ചു. 1024 പേർക്ക് പരിക്കേറ്റു' ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുട്ടികൾ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ സംഘർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. തെക്കൻ ലെബനനെ ലക്ഷ്യമിട്ട് അരമണിക്കൂറിനുള്ളില്‍ 80ലധികം വ്യാമാക്രമണങ്ങളുണ്ടായതായും മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലെബനനിലെ 'ബെക്കാ' താഴ്‌വരകളിലും ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം ലെബനനിലെ ഹിസ്ബുള്ള തീവ്രവാദി സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി സൈന്യത്തിന്‍റെ അറബ് ഭാഷ വക്താവ് പറഞ്ഞു. 300ലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇന്ന് രാവിലെ 6:30നും (3:30 GMT) രാവിലെ 7:30നും ഇടയിൽ 150ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിന് തൊട്ടുമുമ്പ്, ഹിസ്ബുള്ള തീവ്രവാദി സംഘം ആയുധങ്ങൾ സൂക്ഷിക്കുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും ഒഴിപ്പിക്കാൻ ലെബനനിലെ ജനങ്ങളോട് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
അതേസമയം അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നിര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തിയത്.
വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 20) ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഉന്നത ഹിസ്ബുള്ള സൈനിക കമാൻഡറും ഒരു ഡസനിലധികം ഹിസ്ബുള്ള അംഗങ്ങളും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്‌ച ലെബനന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇസ്രയേൽ ആ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിരുന്നില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3 ഇസ്രയേലി സൈറ്റുകൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ള പറയുന്നു: ലെബനന്‍റെ തെക്കും കിഴക്കും ഇസ്രായേൽ ആക്രമണം നടത്തിയതിന് പകരമായി ഇസ്രയേലിലെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പറഞ്ഞു. തെക്ക്, ബെക്ക പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഇസ്രയേലി ആക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ള രണ്ട് വടക്കൻ ഇസ്രയേൽ സൈനിക സ്ഥാനങ്ങളിലും ഹൈഫ നഗരത്തിന് വടക്കുള്ള റഫേൽ പ്രതിരോധ വ്യവസായ സമുച്ചയങ്ങളിലും ബോംബെറിഞ്ഞതായി സംഘം പ്രസ്‌താവനയിൽ പറഞ്ഞു.
ഇസ്രയേലി ആക്രമണത്തെ അപലപിച്ച് ലെബനൻ പ്രധാനമന്ത്രി: ഏറ്റവും വിനാശകരമായ ഒരു ആക്രമണമായിരുന്നു ഇതെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി കാബിനറ്റ് യോഗത്തിൽ പറഞ്ഞു. ലെബനൻ ഗ്രാമങ്ങളെയും പട്ടണങ്ങളെയും ഇത് നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും ഇസ്രായേൽ ആക്രമണം തടയാൻ ശ്രമിക്കണം എന്ന് മിക്കാറ്റി അഭ്യർഥിച്ചു.
ഇസ്രായേൽ ലക്ഷ്യമിടുന്ന പ്രദേശങ്ങളിൽ സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു: ഇസ്രായേൽ ആക്രമണം രൂക്ഷമായതിനാൽ തെക്കന്‍ ലെബനനിലും ബയ്‌റുത്തിലും സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സ്വകാര്യ സ്‌കൂളുകളിൽ പൊതു അവധി പ്രഖ്യാപിച്ചതെന്ന് ലെബനൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇസ്രയേൽ മുന്നറിയിപ്പ്: ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്‍റ ടെക്‌സ്‌റ്റ്-വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാർ പറഞ്ഞു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശം.
അതേസമയം ഹിസ്ബുള്ള ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ സൈന്യം വിപുലവും കൃത്യവുമായ ആക്രമണത്തിൽ ഏർപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാഖിലെ ഉന്നത ഷിയ പുരോഹിതൻ: ലെബനനെതിരെയുള്ള ഇസ്രയേലി ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാഖിലെ ഷിയ ഇസ്‌ലാമിൻ്റെ പരമോന്നത അധികാരിയായ ഗ്രാൻഡ് ആയത്തുള്ള അലി സിസ്‌താനി അഭ്യർഥിച്ചു. ഈ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനും ലെബനൻ ജനതയെ സംരക്ഷിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ലെബനൻ മറ്റൊരു ഗാസയായി മാറുന്നു: ലെബനൻ മറ്റൊരു ഗാസയായി മാറുമെന്ന് വാർഷിക ജനറൽ അസംബ്ലിക്ക് മുന്നോടിയായി, ഐക്യരാഷ്ട്രസഭയുടെ തലവൻ അൻ്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇരുപക്ഷത്തിനും അവിടെ വെടിനിർത്തലിന് താത്‌പര്യമില്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത് വലിയൊരു ദുരന്തത്തിന് കാരണമാകും. ഈ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രെംലിൻ: ഇസ്രയേലിന്‍റെയും ഹിസ്ബുള്ളയുടെയും ആക്രമണം രൂക്ഷമാകുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കാജനകമാണെന്ന് ക്രെംലിൻ പറഞ്ഞു. ഓരോ ദിവസവും സ്ഥിതിഗതികൾ രൂക്ഷമാലുകയാണ്. ഇത് ഞങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വെടിനിർത്തൽ ആഹ്വാനം: സമ്പൂർണ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ലോകശക്തികൾ ഇരുപക്ഷത്തോടും അഭ്യർഥിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെടാതിരിക്കാൻ തൻ്റെ ഭരണകൂടം ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പോകുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
അതേസമയം ലെബനനും ഇസ്രായേലും തമ്മിലുള്ള ആക്രമണത്തിൽ റഷ്യയും ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയനും ബ്രിട്ടനും വെടിനിർത്തലിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ചൈന അവരുടെ പൗരന്മാരോട് ഇസ്രായേൽ വിടാൻ അഭ്യർഥിച്ചു.
Also Read: ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍; പോരാട്ടം ഹിസ്‌ബുള്ളക്കെതിരെ, ആശങ്കയില്‍ ജനങ്ങള്‍