സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഷോപ്പിങ് സെന്‍ററില്‍ അഞ്ച് പേരെ കുത്തിക്കൊന്ന് അക്രമി. ആക്രമണത്തിൽ പിഞ്ചു കുഞ്ഞിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ബോണ്ടി ജങ്ഷനിലെ വെസ്‌റ്റ്ഫീൽഡ് ഷോപ്പിങ് സെന്‍ററിനുള്ളിലാണ് ഒരാൾ അക്രമം അഴിച്ചുവിട്ടത്.
പ്രതി ഒമ്പത് പേരെയോളം കുത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അക്രമിയെ പൊലീസ് വെടി വെച്ച് കൊന്നു. പരിക്കേറ്റവരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ വിവരം പുറത്ത് വന്നിട്ടില്ല. മരിച്ച അക്രമിയുടെ വ്യക്തിഗത വിവരം ലഭിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് അസിസ്‌റ്റന്‍റ് പൊലീസ് കമ്മീഷണർ ആന്‍റണി കുക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കൊല നടത്താനുള്ള കാരണത്തെയോ മറ്റ് സൂചനകളോ നല്‍കുന്ന ഒന്നും തന്നെ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. തീവ്രവാദ ആക്രമണമാണോ എന്ന ചോദ്യത്തിന് ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും കുക്ക് വ്യക്തമാക്കി.
അതിനിടെ, സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷോപ്പിങ് സെന്‍ററിന് ചുറ്റും നിരവധി ആംബുലൻസുകളും പൊലീസ് കാറുകളും നിര്‍ത്തിയിട്ടിരിക്കുന്നതും ആളുകൾ പുറത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. പാരാമെഡിക്കൽ ജീവനക്കാർ സംഭവ സ്ഥലത്ത് പരിക്കേറ്റവരെ ചികിത്സിക്കുന്നതും ദൃശ്യത്തിലുണ്ട്.
Also Read : യുഎസിൽ ഇന്ത്യൻ വിദ്യാർഥിയുൾപ്പെടെ രണ്ടുപേരെ വെടിവച്ചു കൊന്ന പ്രതിക്ക് 22 വർഷങ്ങൾക്ക് ശേഷം വധശിക്ഷ