ന്യൂഡൽഹി: അദ്ദു സിറ്റിയിലും ബെംഗളൂരുവിലും പുതിയ കോൺസുലേറ്റ് സ്ഥാപിക്കാന്‍ ധാരണയായി. മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഇന്ത്യാ സന്ദർശന വേളയിലാണ് തീരുമാനം. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡൻ്റ് മുയിസുവും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള തീരുമാനം ഇരുപക്ഷവും അംഗീകരിച്ചു.
നേരത്തെ എതിർത്തിരുന്ന അദ്ദു സിറ്റി കോൺസുലേറ്റിനാണ് ഇപ്പോൾ മാലദ്വീപ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ നീക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിടക്ക് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന് ഇന്ത്യയോടുള്ള സമീപനത്തിലെ മാറ്റം കൂടിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ.
ദ്വീപ് രാഷ്ട്രവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി അദ്ദുവിൽ പുതിയ കോൺസുലേറ്റ് തുറക്കുന്നതിന് 2021 മെയ് മാസത്തിൽ ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഈ തീരുമാനത്തെ മാലിദ്വീപ് എതിർത്തിരുന്നു. ഇന്ത്യൻ കോൺസുലേറ്റിൻ്റെ സാന്നിധ്യത്തെ രാജ്യത്തിൻ്റെ സ്വയംഭരണാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ചില മാലിദ്വീപിലെ രാഷ്ട്രീയ വിഭാഗങ്ങൾ വിലയിരുത്തിയത്. രാജ്യത്തിന്‍റെ വിദേശനയത്തിലും പ്രാദേശിക ഭരണത്തിലും ഈ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദ്വീപ് രാഷ്ട്രത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നിരന്തരമായ ശ്രമങ്ങൾക്കിടയിലാണ് മാലദ്വീപിലെ നയതന്ത്ര സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. വ്യാപാര, സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അദ്ദുയുടെ സിറ്റി പ്രാധാന്യം
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഷിപ്പിംഗ് റൂട്ടുകൾക്ക് സമീപമാണ് അദ്ദു സിറ്റി സ്ഥിതിചെയ്യുന്നത്. ഇത് സമുദ്ര വ്യാപാരത്തിനും സൈനിക സാന്നിധ്യത്തിനും സുപ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടമാണ്. പ്രാദേശിക സുരക്ഷാ ചുമതല വഹിക്കുന്ന സൈനിക താവളങ്ങളും ഇവിടെ സ്ഥിതി ചെയുന്നുണ്ട്. വിനോദസഞ്ചാരം, കൃഷി, മത്സ്യബന്ധനം എന്നിവയുടെ വികസനത്തിലും നഗരം മുന്നിലാണ്. വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്ന അദ്ദു സിറ്റി അതുകൊണ്ട് തന്നെ മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അത്കൊണ്ട് തന്നെ അദ്ദു സിറ്റിയിൽ കോൺസുലേറ്റ് തുറക്കുന്നത് ഇന്ത്യയുടെ വാണിജ്യപുരോഗതിക്ക് എന്ത് കൊണ്ടും പ്രയോജനകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്
നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടും
മാലദ്വീപ് അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ സഹായകമായ ഉഭയകക്ഷി കറൻസി സ്വാപ്പ് കരാർ അനുസരിച്ച് 400 മില്യൺ ഡോളറും 30 ബില്യൺ രൂപയും പിന്തുണ നൽകാനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ തീരുമാനത്തെ മുയിസു അഭിനന്ദിച്ചു. മാലദ്വീപിൻ്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ കൂടുതൽ പിന്തുണ നൽകാനും തുടർനടപടികൾ നടപ്പാക്കാനും ഇരുകക്ഷികൾക്കുമിടയിൽ ധാരണയായിട്ടുണ്ട്.
2014 ൽ മാലെയിൽ ഉണ്ടായ ജല പ്രതിസന്ധിയിലും കോവിഡ്-19 പാൻഡെമിക്കിലും ഇന്ത്യ നൽകിയ സഹായത്തെ മോയിസ് എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സഹകരിച്ച് മുന്നേറാനും മോദി മൂയിസ് കൂടിക്കാഴ്‌ചയിൽ ധാരണയായി. ഇതിനായി വികസനകേന്ദ്രീകൃതമായ പുതിയ നയങ്ങള്‍ രൂപപ്പെടുത്തും. മുയിസുവിൻ്റെ ന്യൂ ഡൽഹിയിലെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
Also Read:ഇന്ത്യ-മാലദ്വീപ് ബന്ധം വീണ്ടും ശക്തിപ്പെടുമ്പോള്‍, നോക്കുകുത്തിയായി ചൈന; മുയിസുവിന് ഉജ്ജ്വല സ്വീകരണം